വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുണ്ട്. പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടർന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.
സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.







