ഇമേജിനെ കുറിച്ച് ബോധവാനല്ല; ചലച്ചിത്രമേളയിൽ തിളങ്ങി വിനയ് ഫോർട്ടിന്റെ ചിത്രങ്ങൾ

ഒരു നടനെന്ന നിലയിൽ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് വിനയ് ഫോർട്ട്. കരിയറിന്റെ ആദ്യ കാലങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട വേഷങ്ങൾ മാത്രം ചെയ്തിരുന്ന വിനയ് ഫോർട്ടിന് ഇപ്പോൾ ഒരുപാട് മികച്ച കഥാപാത്രങ്ങളും, സിനിമകളും ലഭിക്കുന്നുണ്ട്.

വിനയ് ഫോർട്ട് പ്രധാന കഥാപാത്രമായെത്തിയ രണ്ട് ചിത്രങ്ങളാണ് ഇത്തവണ ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തിയത്. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന ചിത്രവും ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ എന്ന ചിത്രവുമാണ് ഇത്തവണ ഐഎഫ് എഫ്എഫ്കെയിൽ ഉള്ളത്.

No photo description available.

രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. കോർട്ട്റൂം ഡ്രാമയാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം. വിഖ്യാത ഹോളിവുഡ് ചലച്ചിത്രമായ ’12 ആംഗ്രി മാൻ’ എന്ന സിനിമ പോലെയാണ് ആട്ടത്തിന്റെ കഥാഗതിയും മുന്നോട്ട് പോവുന്നത്. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ ഓപ്പണിങ് ചിത്രവും ആട്ടമായിരുന്നു. ഐഎഫ്എഫ്കെയിൽ മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ആട്ടം പ്രദർശിപ്പിച്ചത്.

Aattam (2023) - IMDb

“ഭയങ്കര സന്തോഷമുണ്ട്. ഞങ്ങൾ അർഹിക്കുന്നതിനെക്കാൾ മികച്ച സ്വീകാര്യതയാണ് ആളുകളുടെ പക്കൽ നിന്നും ലഭിക്കുന്നത്. ആളുകൾ നമ്മളോട് വൈകാരികമായി പ്രതികരിക്കുന്നത് വളരെയധികം പ്രതീക്ഷയാണ് നൽകുന്നത്. കുറച്ച് പുതുമുഖങ്ങളുടെ അരങ്ങേറ്റം കൂടിയാണ് ചിത്രം. ഇവരുടെയൊക്കെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ചിത്രം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ ഓപ്പണിങ് ചിത്രമായിരുന്നു ‘ആട്ടം’. ഈ ചിത്രം കൊമേഴ്ഷ്യൽ സ്പേസിൽ ഇരിക്കുന്ന ഒരു സസ്പെൻസ് ഡ്രാമയാണ്. സാധാരണക്കാരെ മുന്നിൽ കണ്ടുകൊണ്ട് ചെയ്ത ചിത്രം തന്നെയാണ്. എല്ലാ മനുഷ്യരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസ്ഥയിൽ അരികുവത്കരിക്കപ്പെട്ടവരാണ്. ‘ആട്ട’ത്തെ ഒരിക്കലും ഒരു പക്ഷം പിടിക്കുന്ന സിനിമയെന്ന് പറഞ്ഞുകൊണ്ട് വേർതിരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.

അഭിപ്രായത്തിന്റെ അപ്പുറത്തേക്ക് നമുക്ക് പ്രതീക്ഷ നൽകുന്നത് ആട്ടത്തിന്റെ കൊമേഴ്ഷ്യൽ റിലീസാണ്. ജനുവരി അഞ്ചാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്. എല്ലാ പ്രേക്ഷകരിലേയ്ക്കും ചിത്രം എത്തുകയും തിയേറ്ററിൽ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അണിയറപ്രവർത്തകരുടെ അധ്വാനത്തിന് ഫലം കിട്ടുന്നത്. ഇത് തിയേറ്ററിൽ ആളുകൾ വന്നു കാണേണ്ട ചിത്രമാണ്.

‘ഷട്ടർ’ എന്ന ചിത്രമാണ് ഇതിനുമുമ്പ് എനിക്ക് ഇത്ര മനോഹരമായ അനുഭവം നൽകിയത്. ‘ഷട്ടർ’ ഇറങ്ങുന്ന സമയത്ത് ആർക്കും ആ ചിത്രത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഷട്ടർ ഐ.എഫ്.എഫ്. കെയിൽ റിലീസ് ആവുകയും ആട്ടം ചർച്ച ചെയ്യപ്പെട്ടത് പോലെ ചർച്ചയാവുകയും ചെയ്തു. അതിനുശേഷം തിയേറ്ററിൽ റിലീസ് ആയപ്പോൾ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. പടം ഹിറ്റ് ആയി, ആ ഒരു പ്രതീക്ഷയിൽ ആണ് ഞങ്ങൾ ആട്ടത്തേയും നോക്കിക്കാണുന്നത്” എന്നാണ് ആട്ടം എന്ന സിനിമയെ കുറിച്ച് വിനയ് ഫോർട്ട് പറയുന്നത്.

ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി ഇതിനോടകം ലോകോത്തര ചലച്ചിത്രമേളകളിൽ പ്രദർശനം നടത്തിയിരുന്നു. ഐഎഫ്എഫ്കെയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഫാമിലിയുടെ തിരക്കഥ ജീവിതത്തിൽ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നാണ് വിനയ് ഫോർട്ട് പറയുന്നത്. കൂടാതെ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി താൻ ഒരുപാട് റിസർച്ച് ചെയ്തിരുന്നെന്നും വിനയ് ഫോർട്ട് പറയുന്നു.

Don Palathara - Rotten Tomatoes

“ഒരു ദിവസം ഡോൺ എന്നോട് ഈ ‘ഫാമിലി’യുടെ ആശയം പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ഞാൻ താരമോ സൂപ്പർ സ്റ്റാറോ അല്ലല്ലോ. ഇമേജിനെ കുറിച്ച് ബോധവാനാകുന്ന ആളല്ല ഞാൻ. ഒരു നല്ല നടനാവാനുള്ള യാത്രയിലാണ് ഞാൻ. അങ്ങനെ ആകണമെങ്കിൽ ചില കഥാപാത്രം ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കാൻ പറ്റില്ല.

ഈ ചിത്രത്തിന്റെ തിരക്കഥ എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയ ഒന്നാണ്. ജീവിതത്തിൽ വായിച്ചിട്ടുള്ള ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നാണ് ചിത്രത്തിന്റേത്. ഈ സിനിമ ചെയ്യാൻ പറ്റിയത് ഭാഗ്യമായി കാണുന്നു. ഞാൻ ഇപ്പോഴും എപ്പോഴും അന്വേഷിക്കുന്നത് നമ്മൾ ചിന്തിക്കാത്ത തരത്തിൽ ചിന്തിക്കുന്ന കഥാപാത്രങ്ങളെയാണ്. ചലഞ്ചിങ് ആയിട്ടുള്ള തിരക്കഥകൾ വരുമ്പോഴും കഥാപാത്രങ്ങൾ വരുമ്പോഴും ഫിലിം മേക്കേഴ്സ് വരുമ്പോഴുമാണ് നല്ല പ്രകടനം നടത്താൻ സാധിക്കുന്നത്.

കഥ കേട്ടിട്ട് ഞാൻ ഒരുപാട് റിസർച്ച് ചെയ്തിരുന്നു. ഒരുപാട് ഡോക്യൂമെന്ററികൾ കണ്ടു. എന്റെ റിസേർച്ചിന്റെ ഒന്നും ആവശ്യം ഈ സിനിമയ്ക്ക് ഇല്ലെന്ന് ഷൂട്ട് തുടങ്ങിയതിന്റെ ആദ്യ ദിവസം എനിക്ക് മനസ്സിലായി. കാരണം ഒരു ഷോട്ടിൽ ആ കഥാപാത്രം എങ്ങനെ പെരുമാറും എന്ന കൃത്യമായ ധാരണ ഡോണിന് ഉണ്ടായിരുന്നു. വളരെ കൃത്യതയുള്ള ഒരു ഫിലിം മേക്കറാണ് അദ്ദേഹം. ആദ്യത്തെ സീൻ കഴിഞ്ഞപ്പോൾ തന്നെ ഞാൻ എടുത്ത പണിയൊക്കെ മാറ്റി വെച്ചു.”
എന്നാണ് ഫാമിലി എന്ന സിനിമയെ പറ്റി വിനയ് ഫോർട്ട് മാതൃഭൂമിയോട് പറഞ്ഞത്.