സിനിമ മേഖല ആരുടെയും പിതാവിന്റെ സ്വന്തമല്ല, സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷതാരങ്ങളും തയ്യാറല്ല: വിദ്യ ബാലൻ

കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും സംസാരിക്കുകയാണ് വിദ്യ ബാലൻ. സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷതാരങ്ങളും ഇന്നും തയ്യാറാകുന്നില്ലെന്നാണ് വിദ്യ ബാലൻ പറയുന്നത്. കൂടാതെ നെപ്പോട്ടിസം വഴി സിനിമയിലെത്തുവർക്ക് നിലനിൽപ്പുണ്ടാവില്ലെന്നും വിദ്യ ബാലൻ പറയുന്നു.

“സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷതാരങ്ങളും ഇന്നും തയ്യാറാകുമെന്ന് താൻ കരുതുന്നില്ല. എന്റെ വിജയ ചിത്രങ്ങൾ കാരണം എന്നോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ പ്രമുഖ പുരുഷ താരങ്ങൾ മടിക്കുന്നു.

എന്നാൽ ഞങ്ങൾ അവരെക്കാൾ മികച്ച സിനിമകൾ ചെയ്യുന്നു. പുരുഷന്മാരുടെ സിനിമകൾ എപ്പോഴും ഒരേ ഫോർമുലയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഇത്തരം വേഷങ്ങൾ വേണ്ടെന്ന് വെക്കുന്നത് അവരുടെ മാത്രം നഷ്ടമാണ്.

സിനിമ മേഖല ആരുടെയും പിതാവിന്റെ സ്വന്തമാണെന്ന് ഞാൻ കരുതുന്നില്ല. നെപ്പോട്ടിസം വഴി ഇവിടെയെത്തുന്നവർക്ക് നിലനിൽക്കാനാവില്ല.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.