അർബുദ ബാധിതനാണെന്ന് അറിഞ്ഞ ശേഷം മാനസികമായി തകർന്നുപോയെന്നും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തി നടൻ വിക്കി കൗശലിൻറെ പിതാവും ആക്ഷൻ ഡയറക്ടറുമായ ശ്യാം കൗശൽ. തനിക്ക് കാൻസർ ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കാൻസർ ആണെന്നും രക്ഷപ്പെടാനുളള സാധ്യത വളരെ കുറവാണെന്നും അറിഞ്ഞ സമയം ഇത് തന്നെ വല്ലാതെ തളർത്തിക്കളഞ്ഞുവെന്ന് ശ്യാം കൗശൽ പറയുന്നു. ഈ സമയത്ത് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ആലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“2003ലാണ് താൻ ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. അതിന് ശേഷമാണ് അർബുദം കണ്ടെത്തിയത്. ഇതറിഞ്ഞ് അന്ന് തനിക്കൊപ്പം ആശുപത്രി മുറിയിലുണ്ടായിരുന്നവർ എല്ലാം ദുഖിതരായി. താൻ രക്ഷപ്പെടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം വൈകുന്നേരമാണ് ഇക്കാര്യം എന്നോട് പറയുന്നത്. അന്ന് രാത്രി ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാനുളള ഒരു ഭ്രാന്തൻ ചിന്ത തനിക്കുണ്ടായെന്നും ശ്യാം കൗശൽ പറഞ്ഞു. ആ ഒരു തീരുമാനം എടുത്തത് തന്റെ ബലഹീനത കൊണ്ടല്ല. എന്തായാലും മരിക്കും. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അത് ഇപ്പോഴായിക്കൂടാ എന്നാണ് ചിന്തിച്ചത്”.
Read more
“അന്ന് ശസ്ത്രക്രിയക്ക് ശേഷം തനിക്ക് അനങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും വിക്കി കൗശലിന്റെ പിതാവ് പറയുന്നു. നല്ല ജീവിതം നയിച്ചതിനാൽ അപ്പോൾ തന്നെ കൊണ്ടുപോകണമേ എന്ന് ദൈവത്തോട് പ്രാർഥിച്ചു. ആ ദിവസത്തിന് ശേഷം തനിക്ക് ഇപ്പോൾ മരണഭയമില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞു. പിന്നീട് കുറച്ച് ശസ്ത്രക്രിയകളുടെ കാര്യമേയുളളൂവെന്നും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ലഭിച്ചു. ആ സംഭവത്തിന് ശേഷം ജീവിതത്തോടുളള തന്റെ കാഴ്ചപ്പാട് മാറിയെന്നും അത് തന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യവശാൽ കാൻസർ തന്റെ ശരീരത്തിൽ പടർന്നിരുന്നില്ല. താൻ ദൈവത്തോട് 10 വർഷം കൂടി ആയുസ് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് അത് 22 വർഷമായിരിക്കുന്നു”, അഭിമുഖത്തിൽ ശ്യാം കൗശൽ കൂട്ടിച്ചേർത്തു.