'കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ശ്രദ്ധയ്ക്ക്..'; കുറിപ്പുമായി ഉണ്ണി മുകുന്ദന്‍

പത്താം ദിനത്തിലും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണഞ്ഞിട്ടില്ല. ഇതോടെ കൊച്ചിയില്‍ മാലിന്യം കുമിഞ്ഞു കൂടുകയാണ്. കനത്ത പുക തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

”കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക.”

”നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക” എന്നാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, പൊലീസിന്റെ അകമ്പടിയോടെ ബ്രഹ്‌മപുരത്ത് എത്തിച്ച മാലിന്യ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.

Read more

പ്ലാന്റില്‍ തീ പിടിക്കാത്ത മറ്റു സ്ഥലത്ത് നിക്ഷേപിക്കാനാണ് മാലിന്യം എത്തിച്ചത്. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന മാലിന്യ ശേഖരണം ഹൈക്കോടതിയുടെ നിര്‍ദേശത്തോടെ ഇന്നലെ പുനരാരംഭിച്ചിരുന്നു.