'കൂട്ടമായി സിനിമ കാണാനാണ് അസോസിയേഷന്‍ എന്നാണ് അവര്‍ പറഞ്ഞത്'; ഫാന്‍ ഫൈറ്റ് ഉണ്ടായാല്‍ അന്ന് അവസാനിപ്പിക്കുമെന്ന് ടൊവിനോ

തന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്ന് ഉറച്ച തീരുമാനം എടുത്തിരുന്നതായി നടന്‍ ടൊവിനോ തോമസ്. നിരന്തരമായി കുറച്ച് കുട്ടികള്‍ വന്ന് ചോദിച്ചപ്പോഴാണ് ഉപാധികളോടെ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാന്‍ താന്‍ സമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറയുന്നത്.

തന്റെ പേരില്‍ ഒരു വഴക്കുണ്ടാവാന്‍ യാതൊരു താല്‍പര്യവുമില്ല. നിരന്തരമായി കുറച്ച് കുട്ടികള്‍ വന്ന് ചോദിച്ചപ്പോഴാണ് ഉപാധികളോടെ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാന്‍ സമ്മതിച്ചത്. തന്റെ പേരില്‍ ഇവിടെയൊരു ഫാന്‍ ഫൈറ്റ് ഉണ്ടാവാന്‍ പാടില്ലെന്ന് അവരോട് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

അങ്ങനെ ഒരു ഫാന്‍ ഫൈറ്റ് ഉണ്ടായാല്‍ ആ ദിവസം ഫാന്‍സ് അസോസിയേഷന്‍ അവസാനിക്കുമെന്നും താന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. ആരും സ്വന്തം കാര്യങ്ങള്‍ നോക്കാതെ തനിക്ക് വേണ്ടി സമയം കളയരുത്. സിനിമയെ ആസ്വദിക്കാന്‍ മാത്രമുള്ള ഉപാധിയായി കാണണം എന്നും അസോസിയേഷനിലെ ആളുകളോട് പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തോളൂ, അതിന്റെ ഒരു പുണ്യവും തനിക്ക് വേണ്ട എന്ന് അവരോട് പറഞ്ഞു. അവര്‍ക്ക് കൂട്ടമായി സിനിമ കാണാന്‍ വേണ്ടിയാണ് അസോസിയേഷന്‍ എന്നാണ് അവര്‍ പറഞ്ഞത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന നിമിഷം വന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ അവസാനിപ്പിക്കും എന്നും ടൊവിനോ വ്യക്തമാക്കി.