തല്ലിയത് ആളുമാറിയെന്ന് അവര്‍ പറഞ്ഞു, പക്ഷേ സത്യം അതല്ല; മാളില്‍ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് സാനിയ ഈയ്യപ്പന്‍

കോഴിക്കോട് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാനിയ ഇയ്യപ്പന്‍. വീഡിയോ കണ്ട പലരും തനിക്ക് ആള്‍ മാറിയെന്നും തെറ്റായ ആളെയാണ് അടിച്ചതെന്നുമായിരുന്നു കമന്റ് ചെയ്തതെന്ന് സാനിയ ഇയ്യപ്പന്‍ പറഞ്ഞു. ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ഇപ്പോഴാണ് അത്തരം ദുരനുഭവം ഉണ്ടാകുന്നതെങ്കിലും അങ്ങനെതന്നെയാകും പ്രതികരിക്കുക. വീഡിയോയുടെ കമന്റില്‍ പകുതിപ്പേരും പറയുന്നത് താന്‍ അടിച്ചത് തെറ്റായ ആളെയാണെന്നാണ്. നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ? നിങ്ങള്‍ കണ്ടിരുന്നോ?

ആള് മാറിയാണ് അടിച്ചതെങ്കില്‍ എന്തിനാണ് അടിച്ചതെന്നായിരിക്കും അയാള്‍ പ്രതികരിക്കുക. എന്നാല്‍ ഇയാള്‍ ചിരിക്കുകയായിരുന്നു. ഞാന്‍ ചെയ്യാനുള്ളത് ചെയ്തു, എഞ്ചോയ് ചെയ്തു, ഇനി വേണേല്‍ അടിച്ചോ എന്നായിരുന്നു അയാളുടെ ഭാവം. ഞാന്‍ കണ്ടിരു്ന്നു. കണ്ടുവെന്ന് മനസിലായപ്പോഴാണ് അയാള്‍ പിന്നോട്ട് മാറിയതെന്നും സാനിയ വ്യക്തമാക്കി.

സാനിയയ്ക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് വിഷമം എന്നുവരെ ആളുകള്‍ പറഞ്ഞു. ഇവരോടൊക്കെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ചെറിയ ഡ്രസ് ഇട്ട തനിക്ക് മാത്രമല്ല, മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തില്‍ ഡ്രസ് ചെയ്ത ഗ്രേസിനെയും വെറുതേ വിട്ടില്ല. ആ സംഭവത്തിന് ശേഷം ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് പോകാന്‍ ഭയമുണ്ട്. ഇത് മാറാന്‍ സമയമെടുക്കുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.