'മമ്മൂക്കയുമായുള്ള ഒരു സിനിമ ഉണ്ടാകും'; സ്വപ്ന പ്രോജക്ടിനെ കുറിച്ച് ജീത്തു ജോസഫ്

ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന്റെ രണ്ട് ഭാഗവും വമ്പന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു.

‘മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല’ ഫില്‍മി ബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

മോഹന്‍ലാല്‍ നായകനായെത്തിയ ട്വല്‍ത് മാനാണ് ജീത്തുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, അനുസിത്താര, ഉണ്ണി മുകുന്ദന്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്.