വിജയ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട്: പൃഥ്വിരാജ്

വിജയ് ചിത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന് കേരളത്തിലുള്ള ജനപ്രീതിയെ കുറിച്ചും വാചാലനായി പൃഥ്വിരാജ്. കേരളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ കിട്ടുന്ന അതേ വരവേല്‍പ്പാണ് ഒരു വിജയ് ചിത്രം ഇവിടെ റിലീസ് ചെയ്യുമ്പോള്‍ കിട്ടുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.

‘വിജയ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട്. അത് കൃത്യമായി കൊടുക്കാന്‍ വിജയ്ക്ക് സാധിക്കുന്നത് കൊണ്ടാണ് തുടര്‍ച്ചയായി വലിയ വിജയങ്ങളുണ്ടാക്കാനും, വലിയ മാര്‍ക്കറ്റ് സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിക്കുന്നത്.’ കടുവയുടെ പ്രമോഷന്റെ ഭാഗമായി കൊടുത്ത ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

വിജയ് തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയാന്‍ ആഗ്രഹമുണ്ടെന്ന് പണ്ടൊരിക്കല്‍ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഏതായാലും പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഏറെ ആവേശത്തോടെയാണ് വിജയ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസ് മാറ്റി. ജൂണ്‍ മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക.

‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രം ഒരു മാസ് എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.