'മുരളി നായകനായെത്തിയ ആ സിനിമ നിർമ്മാതാവിന് ഉണ്ടാക്കിയത് വലിയ നഷ്ടമായിരുന്നു';മനസ്സ് തുറന്ന് കെ. ജി നായർ

മുരളിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രായിക്കര പാപ്പാൻ. ചിത്രം ജനപ്രിയമായി മാറിയിരുന്നെങ്കിലും വിചാരിച്ചത്ര ലാഭം സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. ചിത്രത്തിൽ ആദ്യം നിർമ്മാതാവായി എത്തിയത് കെ. ജി നായർ ആയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറാനിടയായ സാഹചര്യവും പകരം വന്ന നിർമ്മാതാവിന് ഉണ്ടായ നഷ്ടങ്ങളും തുറന്നു പറയുകയാണ് കെ. ജി നായർ ഇപ്പോൾ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

താൻ ആ സിനിമ ചെയ്യാൻ തീരുമാനിച്ചത് അതിന്റെ കഥ തനിക്ക് ഇഷ്ടപ്പെട്ടുകൊണ്ടാണ് എന്നാൽ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ മുതൽ ആ സിനിമ തന്റെ കെെയ്യിൽ നിൽക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് താൻ ആ സ്ഥാനത്ത് നിന്ന് മാറിയത്. എസ്. കെ ഭദ്രയാണ് പിന്നീട് നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് സിനിമയ്ക്ക് വിചാരിച്ച ലാഭം കിട്ടിയില്ലെന്ന് താൻ അറിഞ്ഞിരുന്നെങ്കിലും അതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ല.

എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം മറ്റൊരു പടവുമായി താൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴാണ് പ്രായിക്കര പാപ്പാൻ എന്ന ചിത്രം അദ്ദേഹത്തിന് ഉണ്ടാക്കിയ നഷ്ടത്തെപ്പറ്റി അറിയുന്നത്. സിനിമയുടെ ലൊക്കേഷൻ കാട്ടാണ്. അതുകൊണ്ടു തന്നെ പലപ്പോഴും കുറച്ച് സമയം മാത്രമാണ് ഷൂട്ടിങ്ങിന് ലഭിച്ചിരുന്നത്.

Read more

35 ദിവസം കൊണ്ട് തീരേണ്ട ഷൂട്ടിങ്ങ് തീർന്നത് 75 ദിവസം കൊണ്ടാണ് അതുപോലെ ആന പാപ്പൻമാർക്കും ആനയ്ക്കും കൂടുതൽ പണം നൽകേണ്ടി വന്നു. അവസാനം നിർമ്മാതാവിന്റെ കെെയ്യിലുണ്ടായിരുന്ന പണം മുഴുവൻ ഇറക്കിയാണ് ഷൂട്ടിങ്ങ് തീർത്തത്. സിനിമ വിതരണത്തിന് നിന്നയാളുടെ പക്ഷത്ത് നിന്ന് ഉണ്ടായ അനാസ്ഥയും ഒരു പരിധി വരെ നിർമ്മാതാവിനെ തകർക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു