ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു: സുരേഷ് ഗോപി

സിദ്ധിഖും ലാലും പണ്ട് തന്റെ മനസിന്റെ ദുഃഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി തനിക്കൊരു ഗ്ലാസ് ബിയര്‍ വാങ്ങി കൊടുത്ത കഥ പങ്കുവെച്ച് സുരേഷ് ഗോപി . “അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് വിഷാദത്തിലാകുന്ന ആളാണ്. അപ്പോള്‍, ഇങ്ങനെ ആയാല്‍ പറ്റില്ല എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്നു.

ഞാന്‍ ഇതൊന്നും കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു പക്ഷെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ലാല്‍ നിര്‍ബന്ധിച്ചു. ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു,”സുരേഷ് ഗോപി പറഞ്ഞു.

ഇതിന് പിന്നാലെ സിനിമ തന്നെ ഒരു വലിയ ലഹരി ആണെന്നും ചില കഥാപാത്രങ്ങള്‍ ഇന്നും മത്തുപിടിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞത്. “സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വര്‍ഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രന്‍ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓര്‍ത്താല്‍ ലഹരിയാണ്,” സുരേഷ് ഗോപി പറയുന്നു.

ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളം സിനിമ രംഗത്ത് സജീവമാകുകയാണ് സുരേഷ് ഗോപി. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കറുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് മേക്കര്‍ ജോഷി ഒരുക്കുന്ന പാപ്പാന്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മാത്യൂ തോമസ് ചിത്രം ഒറ്റക്കൊമ്പന്‍ എന്നിവയാണ് തീയറ്റര്‍ റിലീസിനായി ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രങ്ങള്‍.