ഫഹദിന്‍റെ പകുതിയേ ആയുള്ളൂ; നിമിറില്‍ ഭര്‍ത്താവിന്റെ അഭിനയത്തെ വിമര്‍ശിച്ച് ഉദയനിധിയുടെ ഭാര്യ

മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്റെ സംവിധാന മികവിനാല്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം. ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. അത് കൊണ്ട് തന്നെ പ്രിയദര്‍ശന്‍ ചിത്രം നിമിര്‍ എന്ന പേരില്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഫഹദിനേക്കാള്‍ മെച്ചമാകുമോ ഉദയനിധി സ്റ്റാലിന്‍ എന്നായിരുന്നു പ്രധാന ആശങ്ക. മുന്‍ റീമേക്ക് ചിത്രങ്ങളെ പോലെ മലയാളത്തിന്റെ മികവിനോളം പിടിച്ച് നില്‍ക്കാന്‍ ഈ ചിത്രത്തിനും സാധിക്കില്ലെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ഉദയനിധിയ്ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. എന്നാല്‍ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ കൃതികയ്ക്ക് ഭര്‍ത്താവിന്റെ അഭിനയം അത്രക്കങ്ങ് തൃപ്തികരമല്ല. കാരണം മറ്റൊന്നുമല്ല, ഫഹദിന്റെ കിടിലന്‍ അഭിനയത്തിന്റെ പകുതിയേ വന്നുള്ളൂ എന്നാണ് കൃതികയുടെ അഭിപ്രായം. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഉദയനിധി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഭാര്യ തന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചത് സന്തോഷമുള്ള കാര്യമാണെന്നും നിമിര്‍ കണ്ട എല്ലാവരും പറയുന്നത് പ്രിയദര്‍ശന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ചിത്രമാണെന്നാണെന്നും ഉദയനിധി പറഞ്ഞു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സത്യത്തില്‍ തന്റെ ഒരു ചിത്രവും അദ്ദേഹം കണ്ടിരുന്നില്ലെന്നും അത് ഒരു തരത്തില്‍ നന്നായെന്ന് തോന്നുന്നു എന്നും ഉദയനിധി തമാശരൂപേണെ പറഞ്ഞു. പ്രിയദര്‍ശന്‍ സാര്‍ കാരണമാണ് മഹേന്ദ്രന്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്-ഉദയനിധി അഭിമുഖത്തില്‍ പറഞ്ഞു.