പൃഥ്വിക്ക് അന്ന് അവാർഡ് കിട്ടിയത് എന്റെ ഇടപെടൽ കൊണ്ട്; പക്ഷേ അദ്ദേഹത്തിന്റെ നിലപാടുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി സിബി മലയിൽ

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങീ സൂപ്പർ താരങ്ങളും യുവതാരങ്ങളുമടക്കം നിരവധിപേരെ തന്റെ കഥാപാത്രങ്ങളായി  സിബി മലയിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

എന്നാൽ യുവതാരം പൃഥ്വിരാജ് സുകുമാരനുമായി സിബി മലയിൽ ഇതുവരെ സിനിമകളൊന്നും ചെയ്തിട്ടില്ല. രഞ്ജിത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, നവ്യ നായർ എന്നിവർ പ്രധാന കാഥാപാത്രങ്ങളായി എത്തിയ നന്ദനം എന്ന സിനിമയിലെ ‘കാർമുകിൽ വർണന്റെ’ എന്നുതുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തത് സിബി മലയിലായിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജുമായി എന്തുകൊണ്ടാണ് ഇതുവരെ സിനിമകളൊന്നും ചെയ്യാതിരുന്നത് എന്നതിനെ പറ്റി തുറന്നുപറയുകയാണ് സിബി മലയിൽ.

“ഞങ്ങളുടെ റിലേഷനിൽ ഒരു വിള്ളൽ സംഭവിച്ചു. അത് ഒരിക്കലും എന്റെ കുറ്റം കൊണ്ടല്ല. എന്നാൽ പൃഥ്വി വിചാരിച്ചിരിക്കുന്നത് അങ്ങനെയാണ്. അമൃതം എന്ന സിനിമയിലേക്ക് ജയറാമിന്റെ അനിയന്റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു. പ്രൊഡ്യൂസറും കഥാകൃത്തുമാണ് പൃഥ്വിയോട് കഥ പറയാൻ പോയത്. എന്നാൽ പൃഥ്വിയുടെ പ്രതിഫലം കൂടുതലായതിനാൽ അവരോട് പറഞ്ഞത് നിങ്ങളുടെ ബഡ്ജറ്റിൽ ആ ക്യാരക്റ്റർ ചെയ്യാൻ ശ്രമിക്കൂ എന്നാണ്. അതിനും ബുദ്ധിമുട്ടാണെങ്കിൽ വേറെ ആരെയെങ്കിലും നോക്കാമെന്നും ഞാൻ പറഞ്ഞു. പക്ഷേ പൃഥ്വിയും യാവരും തമ്മിൽ ഒരു ധാരണയിലെത്തിയില്ല. അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ്. ആ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതൊരു അകൽച്ചയായി ഇപ്പോഴും കിടക്കുന്നു.

അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സെല്ലുലോയിഡിലെ പ്രകടനത്തിന് ലഭിച്ചപ്പോൾ അതിന് നിർണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു. എന്റെ അഭിപ്രായമാണ് ജൂറി ഗൌരവത്തിൽ എടുത്തത്. എനിക്ക് ആരോടും പിണക്കമില്ല, പക്ഷേ പല സമയത്തും എനിക്ക് വിഷമമുണ്ടാക്കിയ നിലപാടുകൾ അദ്ദേഹം എടുത്തിട്ടുണ്ട്. ” റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.