ആ സിനിമ മകള്‍ക്ക് ഇഷ്ടപ്പെട്ടില്ല.. എന്തിന് ഞാന്‍ എന്റെ മകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണം..: ശോഭന

മകള്‍ നാരായണിയെ കുറിച്ച് പറഞ്ഞ് നടി ശോഭന. ‘നാരായണി അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ?’ എന്ന ചോദ്യത്തിനാണ് ശോഭന മറുപടി നല്‍കിയിരിക്കുന്നത്. തന്റെ സിനിമ കണ്ടപ്പോള്‍ അവള്‍ക്ക് അമ്പരപ്പാണ് തോന്നിയത്. തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ് മകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്നാണ് ശോഭന പറയുന്നത്.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതില്‍ തനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. തന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്. അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് താന്‍ ‘തിര’ ചെയ്യുന്നത്. തിയേറ്ററില്‍ അവളുടെയൊപ്പമാണ് സിനിമ കണ്ടത്.

സ്‌ക്രീനില്‍ തന്നെ കണ്ടതും അവള്‍ തന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ തന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. മണിച്ചിത്രത്താഴ് അവള്‍ക്കിഷ്ടപ്പെട്ടു. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ താന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത് എന്നാണ് ശോഭന പറയുന്നത്.

മകളെ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെ കുറിച്ചും ശോഭന പ്രതികരിച്ചു. എന്തിന് താന്‍ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്. അത്രമാത്രം എന്നാണ് ശോഭനയുടെ മറുപടി. അതേസമയം, വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.