പത്ത് മിനിറ്റ് കൊണ്ട് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന നായകനെ കാണുമ്പോള്‍ പിള്ളേര് 'പോടാപ്പാ' എന്ന് പറയും: ബീസ്റ്റിന് എതിരെ വീണ്ടും ഷൈന്‍

ബീസ്റ്റിനെതിരെ ഷൈന്‍ ടോം ചാക്കോ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിജയ് ആരാധകര്‍ അടക്കമുള്ളവരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ വീണ്ടും ബീസ്റ്റിലെ ചില രംഗങ്ങള്‍ക്ക് ഒട്ടും വിശ്വാസ്യതയില്ല എന്ന ആരോപണമുന്നയിച്ചിരിക്കുകയാണ് നടന്‍.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വ്വ തീവ്രവാദികളെയും ഉന്മൂലനം ചെയ്ത് ഒരു നായകന്‍ ജയിക്കുക എന്നത് അസംഭവ്യമാണെന്നും അതൊന്നും ഇന്നത്തെ കാലത്ത് ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തുള്ള എല്ലാ തീവ്രവാദികളെയും നായകന്‍ കൊല്ലുന്നു, തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നു, എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോഴത്തെ പിള്ളേര് പോടാപ്പാ എന്ന് പറയും. ഒരു പത്ത് കൊല്ലം മുമ്പൊക്കെയാണെങ്കില്‍ ഇത് നമ്മള് കണ്ടിരിക്കും.തീവ്രവാദികളെ അങ്ങനെ അഞ്ച് മിനിട്ടുകൊണ്ട് ബ്രെയിന്‍ വാഷ് ചെയ്ത് മാറ്റാന്‍ പറ്റില്ല. ചിലപ്പൊ തീവ്രവാദി അവനെ മാറ്റിക്കൊണ്ട് പോകും.

ഞാന്‍ അവരുടെ അടുത്ത് ആദ്യം പറഞ്ഞു, തീവ്രവാദി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നേ. 100 രൂപയോ 50 രൂപയോ കാണിക്കുമ്പൊ വളയുന്ന ലോക്കല്‍ ആള്‍ക്കാരല്ല. തീവ്രമായി ഒരു കാര്യത്തില്‍ വിശ്വസിച്ച്, മരിക്കുമ്പോള്‍ പോലും അതില്‍ തന്നെ വിശ്വസിക്കുന്നവരാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.