അങ്ങനെയുള്ളവരാണ് മറ്റുള്ളവര്‍ക്ക് മോശം കമന്റിടുന്നത്, നന്നാക്കാന്‍ ശ്രമിക്കേണ്ട: ശില്‍പ ബാല

കല്യാണ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകള്‍ കണ്ടിട്ട് ഭര്‍ത്താവിന് വിഷമമായെന്ന് നടിയും അവതാരകയുമായ ശില്‍പ ബാല. ലൈഫില്‍ ഹാപ്പിനെസ് ഇല്ലാത്തതു കൊണ്ടാണ് പലരും മറ്റുള്ളവരുടെ ലൈഫ് കാണുമ്പോള്‍ അസ്വസ്ഥരായി കമന്റുകള്‍ ഇടുന്നത് എന്നും, ഇവരെ നന്നാക്കാന്‍ നോക്കിയാല്‍ പറ്റില്ല എന്നുമാണ് ജിഞ്ചര്‍ മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.

‘കല്യാണ വീഡിയോ പുറത്ത് വന്ന സമയത്ത് അതിന് താഴെ ഒരുപാട് മോശം കമന്റുകള്‍ വന്നിരുന്നു. ഇങ്ങനത്തെയൊരാളെയാണ് കിട്ടിയത് എന്നുള്ള തരത്തില്‍ ഭര്‍ത്താവിനെ ബോഡി ഷെയ്മിങ് നടത്തിയുള്ള കമന്റുകളായിരുന്നു അതില്‍ ഏറെയും.

അദ്ദേഹം എന്നോട് ചോദിക്കാന്‍ തുടങ്ങി നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ കല്യാണ വീഡിയോ പുറത്ത് വന്നതില്‍ എന്നൊക്കെ ആദ്യമൊന്നും എനിക്ക് എന്താണ് അദ്ദേഹം പറയുന്നത് മനസിലായില്ല. പിന്നെയാണ് അദ്ദേഹം പറഞ്ഞത്…. വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ വായിച്ചു… നിനക്ക് വിഷമമുണ്ടോ.. എനിക്ക് വല്ലാതെ വിഷമം വരുന്നുവെന്നൊക്കെ പറഞ്ഞു.

അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ഇത്തരം കമന്റുകള്‍ ഒരു സാധാരണയാളെ എങ്ങനെയാണ് വേദനിപ്പിക്കുന്നതെന്ന്. ഇപ്പോള്‍ പക്ഷെ അദ്ദേഹം ഇത്തരം കമന്റുകളോട് പ്രതികരിക്കാറുണ്ട്. ഹാപ്പിനെസ് ലൈഫില്‍ ഇല്ലാത്തതുകൊണ്ടാണ് പലരും മറ്റുള്ളവരുടെ ലൈഫ് കാണുമ്പോള്‍ ഫ്രസ്‌ട്രേറ്റഡായി ഇങ്ങനെയുള്ള കമന്റുകള്‍ ഇടുന്നത്. ശില്‍പ്പ ബാല കൂട്ടിച്ചേര്‍ത്തു.