എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്?: ഷെയ്ന്‍ പറയുന്നു

മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഒരുപാട് പേരുടെ സ്വപ്നവും അധ്വാനവുമാണ് സിനിമയെന്ന് ഷെയ്ന്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്‌നിന്റെ പ്രതികരണം.

“ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ. സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.” മാതൃഭൂമിയോട് ഷെയ്ന്‍ പറഞ്ഞു.

നടന്‍ സിദ്ധിഖിന്റെ വീട്ടില്‍വച്ചായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഉള്‍പ്പടെയുള്ള ഭാരവാഹികളുമായി ഷെയ്ന്‍ ചര്‍ച്ച നടത്തിയത്. ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും.