ജാതകപ്രകാരം കാരാഗൃഹവാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്നും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്: ശാലു മേനോന്‍

നാല്‍പത്തിയൊന്‍പത് ദിവസത്തെ ജയില്‍വാസത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ശാലു മേനോന്‍. സീ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതിനെക്കുറിച്ച് സംസാരിച്ചത്.

സിനിമയിലും സീരിയലിലും മാത്രം കണ്ടിരുന്ന ജയില്‍ വാസം നേരിട്ട് അനുഭവിയ്ക്കുക എന്നാല്‍ ഭയങ്കരം തന്നെയാണ്. 49 ദിവസം ഞാന്‍ ജയിലില്‍ കിടന്നു. അമ്മ ഇല്ലാതെ എവിടെയും പോകാത്ത ഞാന്‍ അതിനുള്ളില്‍ എങ്ങിനെ കഴിഞ്ഞു എന്ന് ഓര്‍ക്കാന്‍ പോലും വയ്യ. ശാലു പറയുന്നു.

ഞാന്‍ വലിയ വിശ്വാസിയാണ്. എന്റെ ജാതകപ്രകാരം കാരാഗ്രഹവാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്നും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. പിന്നെ എനിക്ക് കണ്ടകശനി കൂടെ ഉണ്ടായിരുന്നു. ഗ്രഹപ്പിഴ സമയത്ത് ഓരോന്ന് അനുഭവിയ്ക്കണം. എന്റെ വിധി അതായിരുന്നു. ആ സംഭവം കഴിഞ്ഞിട്ട് എട്ട് – ഒന്‍പവത് വര്‍ഷത്തോളമായി.

രണ്ട് കേസ് ആണ് ഉണ്ടായിരുന്നത്. അതില്‍ ഒരു കേസില്‍ അനുകൂലമായ വിധി വന്നു കഴിഞ്ഞു. മറ്റൊരു കേസ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. കോടതിയില്‍ എനിക്ക് വിശ്വാസം ഉണ്ട്. സത്യത്തില്‍ ആ കേസിന് ശേഷമാണ് ഞാന്‍ കുറേക്കൂടെ ആക്ടീവ് ആയി തുടങ്ങിയത്.

സംസാരത്തില്‍ എല്ലാം പക്വത വന്നു എന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്. നടി കൂട്ടിച്ചേര്‍ത്തു.