'പല നേതാക്കളുടെയും ഭാവങ്ങള്‍, അംശങ്ങള്‍ ഈ കഥാപാത്രത്തിലുണ്ടാകാം'; കടയ്ക്കല്‍ ചന്ദ്രനെ കുറിച്ച് സഞ്ജയ്

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രനെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം ഒരാളെ റോള്‍മോഡല്‍ ആക്കിയെഴുതിയതല്ലെന്നും പക്ഷേ, പല നേതാക്കളുടെയും ഭാവങ്ങള്‍, അംശങ്ങള്‍ ഈ കഥാപാത്രത്തില്‍ ഉണ്ടായിട്ടുണ്ടാകാമെന്നുമാണ് സഞ്ജയ് പറയുന്നത്.

“ശരിക്കും പൊതുജനം രാഷ്ട്രീയനേതാക്കളെ കാണുന്നത് ഒരു തരം “സിനിസിസം” നിറഞ്ഞ മനസ്സോടെയാണ്. രാഷ്ട്രീയക്കാരെല്ലാം കുഴപ്പക്കാരാണ്, അഴിമതിക്കാരാണെന്ന ധാരണയാണ്. പക്ഷേ, എല്ലാ പാര്‍ട്ടിയിലും നല്ല ഒന്നാന്തരം ലീഡേഴ്‌സ് ഉണ്ടായിട്ടുള്ള രാജ്യമാണ് ഇന്ത്യ. നാടിനു വേണ്ടി 24 മണിക്കൂറും ഓടി നടന്ന് അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സമുന്നത നേതാക്കള്‍ നമുക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം നേതാക്കള്‍ ഇപ്പോഴുമുണ്ട്. അവര്‍ രാജ്യത്ത് എത്രയോ മാറ്റങ്ങള്‍, പുരോഗതികള്‍ കൊണ്ടു വന്നിരിക്കുന്നു.”

“രാഷ്ട്രീയരംഗത്തെ അഴിമതികളുെട പേരില്‍ എല്ലാവരെയും മോശക്കാരായി കാണുന്നു സമൂഹം. മമ്മുക്കയോട് ഈ തീം പറഞ്ഞപ്പോള്‍ ഇഷ്ടമായി. ഡയറക്ടര്‍ സന്തോഷ് വിശ്വനാഥിനും വളരെ ഇഷ്ടപ്പെട്ടു. ഈ കഥാപാത്രം ഒരാളെ റോള്‍മോഡല്‍ ആക്കിയെഴുതിയതല്ല. പക്ഷേ, പല നേതാക്കളുടെയും ഭാവങ്ങള്‍, അംശങ്ങള്‍ ഈ കഥാപാത്രത്തില്‍ ഉണ്ടായിട്ടുണ്ടാകാം.” വനിതയുമായുള്ള അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.