'പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല, അത്രയേറെ ആ പെണ്‍കുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു'

അതിജീവനം ഇതിവൃത്തമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ ചിത്രമാണ് ഹെലന്‍. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ അന്ന ബെന്നിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു എന്നാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്…

ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

“ഹെലന്‍” എന്ന സിനിമ കണ്ടു. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല. അത്രയേറെ ആ പെണ്‍കുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെന്‍..

ബെന്നി പി നായരമ്പലത്തിന്റെ വീട്ടില്‍ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോള്‍ക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. “കുമ്പളങ്ങി നൈറ്റ്‌സ്” കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങള്‍ക്ക്!

ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്‌നേഹവും പ്രാര്‍ത്ഥനയും.

വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Read more