ഒപ്പം വര്‍ക്ക് ചെയ്ത മികച്ച സംവിധായകരിൽ ഒരാള്‍; മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ശിവന്‍

 

പ്രഖ്യാപിച്ച സമയം മുതല്‍ സിനിമാസ്വാദകരുടെ ഇടയില്‍ തരംഗമായ സിനിമയാണ് ബറോസ് (Barroz). പ്രിയതാരം മോഹന്‍ലാല്‍(Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചും സന്തോഷ് ശിവന്‍ ട്വിറ്ററില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. താന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളെന്നാണ് സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തത്. ‘മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. വളരെ മികച്ചൊരു അനുഭവമാണിത്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍’- സന്തോഷ് ശിവന്റെ ട്വീറ്റ്

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.