ഷോര്‍ട്സ് ഇട്ടതിന് മുംബൈ ബസില്‍ കയറ്റി വിടണം എന്ന് കമന്റ്, കേസ് കൊടുത്തു, ആളെ കണ്ട് ഞെട്ടിപ്പോയി: സാനിയ ഇയ്യപ്പന്‍

വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു.

“”ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നു പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്”” എന്നാണ് സാനിയ വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ തനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താരം പറഞ്ഞു. അതേസമയം, ദ പ്രീസ്റ്റ് ആണ് സാനിയയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.