'ഗുണ്ടായിസം കാണിച്ച് നിർമാതാക്കളെ നിശബ്ദരാക്കുന്നു, അവിടെ നടക്കുന്നത് കോടികളുടെ അഴിമതി'; തുറന്നടിച്ച് സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് തുറന്നുപറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്. തന്റെ നോമിനേഷൻ തള്ളിയതോടെ ധാർമികമായി ജയിച്ചെന്നും പത്രിക തള്ളിയത് മറ്റ് നിർമാതാക്കളുടെ തട്ടിപ്പ് പുറത്തുവരാതിരിക്കാൻ ആണെന്നും സാന്ദ്ര തോമസ് റിപ്പോർട്ടറിനോട് പറഞ്ഞു.

‘ജി സുരേഷ് കുമാർ, സിയാദ് കോക്കർ, സന്ദീപ് സേനൻ, ആന്റോ ജോസഫ് തുടങ്ങിയവരുടെ ഗുണ്ടായിസം ഉപയോഗിച്ച് നിർമാതാക്കളെ നിശബ്ദരാക്കുന്നു. എന്റെ നോമിനേഷൻ തള്ളിയതോടെ ധാർമികമായി ഞാൻ ജയിച്ചു. പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ ഞാൻ പുറത്തുകൊണ്ടുവരുമോ എന്ന ഭയം കാരണമാണ്. തട്ടിപ്പുകളും വഴിവിട്ട ഇടപാടുകളും എല്ലാകാലത്തും മറച്ചുവെക്കാൻ കഴിയില്ല. നിർമ്മാതാക്കളുടെ സംഘടന തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ്’, സാന്ദ്ര തോമസ് പറഞ്ഞു.

Read more

നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമായിരുന്നു സാന്ദ്ര നിർമിച്ചത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്.