കണ്ണുകളില്‍ സൂചികുത്തുന്നതു പോലെ വേദന, സ്റ്റൈലിന് വേണ്ടിയല്ല ഗ്ലാസ് വെച്ചിരിക്കുന്നത്..: സാമന്ത

കരിയറിന്റെ പീക്കില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു സാമന്തയ്ക്ക് വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. നടന്‍ നാഗചൈതന്യമായുള്ള വിവാഹമോചനത്തിന്റെ ആഘാതത്തില്‍ നിന്നും പുറത്തു കടക്കുന്നതിന് മുമ്പ് തന്നെ മയോസൈറ്റിസ് എന്ന രോഗം താരത്തെ ബാധിച്ചിരുന്നു.

പേശികളെ ബാധിക്കുന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണിത്. രോഗത്തെ തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് താരം. എന്നാല്‍ അസുഖം തന്നെ ശാരീരികമായും മാനസികമായും തളര്‍ത്തി എന്നാണ് സാമന്ത പറയുന്നത്.

ഈ അസുഖം വന്നപ്പോള്‍ ഒന്നും തന്റെ നിയന്ത്രണത്തില്‍ അല്ലാതായി. മരുന്നുകളുടെ സൈഡ് എഫക്ടുകള്‍ ഉണ്ടായി. ചില ദിവസങ്ങള്‍ തടിക്കും, ചിലപ്പോള്‍ സുഖമുണ്ടാവില്ല. എന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നതുപോലെയാണ് വേദന അനുഭവിക്കുന്നത്.  ദിവസവും വേദനയിലൂടെ കടന്ന് പോവേണ്ടി വന്നു.

തനിക്ക് ലൈറ്റ് സെന്‍സിറ്റീവാണ്. അതിനാലാണ് കണ്ണട ധരിക്കുന്നത്. സ്‌റ്റൈലിന് വേണ്ടിയല്ല. കടുത്ത മൈഗ്രേയ്ന്‍ ഉണ്ടായിരുന്നു. കണ്ണിന് വേദനയും. ഒരു അഭിനേതാവിനെ സംബന്ധിച്ച് നടക്കാവുന്ന മോശം കാര്യങ്ങളാണ് തനിക്കുണ്ടായത് എന്നാണ് സാമന്ത പറയുന്നത്.

‘ശാകുന്തളം’, ‘യശോദ’ എന്നീ സിനിമകള്‍ക്കിടെയല്ല മയോസൈറ്റിസ് ബാധിച്ചതെന്നും സമാന്ത വ്യക്തമാക്കി. അതേസമയം, ശാകുന്തളമാണ് സാമന്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രില്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.