എനിക്ക് അതിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് മാത്രം ചിന്തിയ്ക്കും: സമാന്ത

 

ഫാമിലിമാന്‍ എന്ന ഹിന്ദി വെബ്സീരീസില്‍ അഭിനയം നടി സമാന്തയ്ക്ക് വലിയ നിരൂപക പ്രശംസയാണ് നേടിക്കൊടുത്തത്. ഫാമിലിമാനിലെ കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു നടി എന്നായിരുന്നു വിലയിരുത്തലുകള്‍. അതിന് ശേഷം നടിയ്ക്ക് ബോളിവുഡ് സിനിമകളില്‍ നിന്നും മറ്റും ധാരാളം അവസരങ്ങള്‍ വരുന്നു എന്ന ഗോസിപ്പുകളുണ്ടായിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകം ഉപേക്ഷിച്ച് സാം ബോളിവുഡിലേക്ക് ചേക്കേറുന്നു, മുംബൈയില്‍ ഫ്ളാറ്റ് വാങ്ങുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് . എന്നാല്‍ വാര്‍ത്ത സമാന്ത പൂര്‍ണമായും നിഷേധിച്ചു. ഹൈദരാബാദ് തന്നെയാണ് തന്റെ ഇടം, ഇവിടെ നിന്ന് എങ്ങോട്ടും ഇല്ല എന്ന് നടി വ്യക്തമാക്കി.

ഇനിയുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും നടി മനസ്സുതുറന്നു. ഒരു തിരക്കഥ വന്നാല്‍, ഞാന്‍ ആ തിരക്കഥയില്‍ ചേരുമോ എന്ന് നോക്കും. എനിക്ക് അതിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നും ചിന്തിയ്ക്കും. ഒരു പുതിയ തിരക്കഥ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി എനിക്ക് ലഭിച്ചാല്‍ ആ സിനിമ ചെയ്യും. സമാന്ത പറഞ്ഞു

 

ശാകുന്തളം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നിലവില്‍ സമാന്ത. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതല്‍ എന്ന തമിഴ് ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം തമിഴിലും മലയാളത്തിലും തെലുങ്കിലുമായി അണിയിച്ചൊരുക്കുന്ന രണ്ട് സ്ത്രീപക്ഷ ചിത്രങ്ങളും സമാന്ത കരാറ് ഒപ്പിട്ടിട്ടുണ്ട്.