എയര്‍ടെല്ലിന്റെ ഓഫീസില്‍ നിന്നും ലീവ് കിട്ടിയില്ല, ആദ്യ സിനിമ വേണ്ടെന്നു വെച്ചു, ലക്ഷത്തില്‍ ഒരാള്‍ക്ക് കിട്ടുന്ന ചാന്‍സെന്ന് പറഞ്ഞ് മനസ്സിലാക്കിയത് എം.ജി സാര്‍: സൈജു കുറുപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സൈജു കുറുപ്പ്. ഒരു നടനാകണം എന്ന ആഗ്രഹമൊന്നും ഇല്ലാതിരുന്ന താന്‍ എം.ജി ശ്രീകുമാര്‍ വഴി സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് സൈജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മയൂഖം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് കിട്ടിയത് എത്ര വലിയ ഓഫര്‍ ആണ് എന്ന ധാരണയൊന്നും ഉണ്ടായിരുന്നില്ല. പഠനമൊക്കെ കഴിഞ്ഞു എയര്‍ടെല്ലില്‍ ജോലി നോക്കുന്ന സമയം ഒരു കണക്ഷന്റെ കാര്യം പറയാന്‍ വേണ്ടിയാണ് എം.ജി ശ്രീകുമാര്‍ സാറിനെ കാണാന്‍ താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്.

സംസാരിച്ച കൂട്ടത്തില്‍ എം.ജി സര്‍ തന്നോട് ചോദിച്ചു ‘സിനിമയില്‍ അഭിനയിക്കുമോ?’ എന്ന്. താന്‍ ചാടിക്കേറി പറഞ്ഞു, അഭിനയിക്കും എന്ന്. ഒരു സിനിമയില്‍ തല കാണിച്ചാല്‍ തന്റെ മുഖം പിന്നെ എല്ലാവരും ഓര്‍ക്കും പിന്നെ സെയില്‍സിന് ചെല്ലുമ്പോള്‍ ആള്‍ക്കാര്‍ പെട്ടെന്ന് അപ്പോയ്ന്റ്‌മെന്റ് തരും എന്നാണു അപ്പോള്‍ തന്റെ ചിന്ത.

ഹരിഹരന്‍ സാറിന്റെ ‘സര്‍ഗ്ഗം’ താന്‍ പലതവണ കണ്ടതാണ് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയാണത്. അദ്ദേഹത്തിന്റെ ഒന്നു രണ്ടു ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ദാസേട്ടനെ അറിയാത്ത മലയാളികളുണ്ടോ. ഇവരൊക്കെ ഒന്നിക്കുന്ന ഒരു ചിത്രത്തിലാണ് എനിക്ക് അവസരം ലഭിച്ചത്.

ഓഫര്‍ കിട്ടിയ സ്ഥിതിക്ക് ഒരു സിനിമയില്‍ അഭിനയിക്കാം പിന്നെ തിരിച്ച് നമ്മുടെ ജോലിയിലേക്ക് പോകാം എന്നാണ് കരുതിയിരുന്നത്. എം.ജി ശ്രീകുമാര്‍ സര്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചെങ്കിലും തനിക്ക് ജോലിയില്‍ നിന്നും ലീവ് കിട്ടുന്നില്ല അതുകൊണ്ടു സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. താന്‍ സാറിനെ വിളിച്ച് കാര്യം പറഞ്ഞു.

അദ്ദേഹം പറഞ്ഞു ‘സൈജു ഇത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന ചാന്‍സ് ആണ്. ഹരിഹരന്‍ സാറിനെ പോലെ ഒരു ലെജന്റിന്റെ സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ അത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല’. മയൂഖം കഴിഞ്ഞു ഒന്നര വര്‍ഷം കഴിഞ്ഞാണ് താന്‍ ജോലി വിട്ടത്.

എയര്‍ടെല്ലില്‍ തന്റെ ബോസ് ആയ അലക്‌സ് ജെയിംസ് തന്നോട് പറഞ്ഞത് ലീവ് കിട്ടാന്‍ സാധ്യത ഇല്ല എന്നാണ്. ‘സിനിമയൊക്കെ നിനക്ക് പറ്റുമോ ഇത് വേണോ, ഇത് കഴിഞ്ഞാല്‍ നിനക്ക് സിനിമ കിട്ടുമെന്ന് ഉറപ്പുണ്ടോ’ എന്ന് ചോദിച്ചു. താന്‍ പറഞ്ഞത് ‘ഞാന്‍ ഈ ഒരു പടമേ ചെയ്യുന്നുള്ളൂ’ എന്നാണ്.

ഇതിനു വേണ്ടി മാത്രം മതി ലീവ് എന്നാണ്. അദ്ദേഹം ഒരുപാട് സഹായിച്ചു, ചീഫിനോട് സംസാരിച്ച് ലീവ് ഒപ്പിച്ചുതന്നു. തന്നെ എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ട് തന്റെ ജോലി കൂടി അദ്ദേഹം നോക്കി. അദ്ദേഹത്തെ ഇടക്കിടെ വിളിക്കാറുണ്ട്. തന്റെ വിജയങ്ങളില്‍ അദ്ദേഹത്തിന് സന്തോഷമുണ്ടെന്നും സൈജു പറഞ്ഞു.