സിനിമാ മേഖലയിലെ തന്റെ ആദ്യകാലങ്ങളെക്കുറിച്ചും താൻ കണ്ട പോരാട്ടങ്ങളെക്കുറിച്ചും നടൻ സൈഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ. ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറുന്നതിനുമുൻപ് ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ഘട്ടമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം.
വെല്ലുവിളി നിറഞ്ഞതും അസാധാരണവുമായ ഒരു തുടക്കമായിരുന്നു തന്റേത് എന്നും സമകാലികരിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് നേരത്തെ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. എസ്ക്വയർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറിന്റെ തുടക്കത്തിൽ ആഴ്ചയിൽ ആയിരം രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ അതിനൊരു അസാധാരണമായ വ്യവസ്ഥയുണ്ടായിരുന്നു. പണം ലഭിക്കുമ്പോഴെല്ലാം നിർമ്മാതാവിൻ്റെ കവിളിൽ പത്ത് തവണ ചുംബിക്കണമെന്നതായിരുന്നു ആ നിബന്ധനയെന്നും സെയ്ഫ് പറഞ്ഞു.
21-ാം വയസ്സിൽ അമൃത സിങ്ങിനെ വിവാഹം കഴിച്ച് 25-ാം വയസ്സിൽ അച്ഛനായതിനാൽ വളരെ ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന സമയത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അലി ഖാൻ തന്റെ ആദ്യത്തെ കുട്ടിയാണ് സാറ, അതിനുശേഷം മകൻ ഇബ്രാഹിം ജനിച്ചു.








