അന്ന് വിവരമില്ലാത്ത പ്രായമായിരുന്നു, അതുകൊണ്ട് 'പ്രേമം' കൊള്ളാമെന്ന് തോന്നി; പ്രേമത്തിന്റെയും ശംഭുവിൻ്റെയും മുകളിലേക്ക് തനിക്ക് പോകണം; തുറന്നുപറഞ്ഞ് ശബരീഷ് വർമ്മ

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ‘പ്രേമം’. ചിത്രത്തിലെ നിവിൻ അവതരിപ്പിച്ച ജോർജ്, സായ് പല്ലവി അവതരിപ്പിച്ച മലർ എന്നീ കഥാപാത്രങ്ങളെ മലയാളികൾ വലിയ രീതിയിൽ ആഘോഷിച്ചു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശംഭു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് വർമ്മ. ഇപ്പോഴും പ്രേമത്തെ കുറിച്ചാണ് ആളുകൾ തന്നോട് വന്ന് പറയാറുള്ളതെന്നും അതിന്റെ മുകളിലേക്ക് വളരുക എന്നതാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ ശബരീഷ്, ചിത്രീകരണ സമയത്ത് തന്നെ ചിത്രം ഹിറ്റടിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും കൂട്ടിചേർത്തു. മമ്മൂട്ടി നായകനായ ടർബോയാണ് ശബരീഷിന്റെ ഏറ്റവും പുതിയ ചിത്രം.

“ഇപ്പോഴും പ്രേമത്തെ കുറിച്ചാണ് ആളുകൾ വന്ന് പറയാറുള്ളത്. അതിന്റെ മുകളിലേക്ക് വളരുക എന്നതാണ് എൻ്റെ ആഗ്രഹം. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ചലഞ്ചും റെസ്പോൺസിബിളിറ്റിയും. എനിക്ക് പ്രേമത്തിന്റെയും ശംഭുവിൻ്റെയും മുകളിലേക്ക് പോകണം. അതൊരു മോശമായിട്ടല്ല ഞാൻ പറയുന്നത്.

ഈ വർഷവും പ്രേമം ചെന്നൈയിൽ റീ റിലീസ് ചെയ്‌തിരുന്നു. പ്രേമത്തിലെ ആ കഥാപാത്രത്തെ ആളുകൾ ഇന്നും ഇഷ്‌ടപ്പെടുന്നു. ഇത് എൻ്റെ കാര്യം മാത്രമല്ല. പ്രേമത്തിൽ അഭിനയിച്ചിട്ടുള്ള എല്ലാവരുടെയും കാര്യം ഇങ്ങനെ തന്നെയാണ്. എനിക്ക് പ്രേമം ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു.

സിനിമയെടുക്കുന്നത് കാണുമ്പോൾ തന്നെ ഇത് എന്തായാലും ഫ്ളോപ്പാകില്ലെന്ന ധാരണ ഉണ്ടായിരുന്നു. നമുക്ക് വിവരമില്ലാത്ത പ്രായമായിരുന്നത് കൊണ്ടായിരിക്കാം കണ്ടപ്പോൾ ‘ഇത് കൊള്ളാം അളിയാ’ എന്ന് തോന്നിയത്. ഇനി ഇപ്പോൾ എന്തുപറഞ്ഞാലും സിനിമ ഹിറ്റായല്ലോ. ഞങ്ങൾക്ക് ഈ സിനിമ ഹിറ്റാകുമെന്ന് അറിയാമായിരുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് കുഴപ്പമില്ല.” എന്നാണ് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശബരീഷ് വർമ്മ പറഞ്ഞത്.

അതേസമയം ഇന്ന് റിലീസ് ചെയ്ത ടർബോ മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടർബോയിൽ മമ്മൂട്ടി എത്തുന്നത്.

വൈശാഖ്  സംവിധാനം ചെയ്യുന്ന ടർബോയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്.

Read more