സിനിമ കഴിഞ്ഞ് ആദ്യദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം, ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റരുത്: റോഷന്‍ ആന്‍ഡ്രൂസ്

മോശം റിവ്യു നല്‍കുമെന്ന് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നവരെ തനിക്കറിയാമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. രണ്ട് ലക്ഷം രൂപ വാങ്ങിച്ച് പടം നല്ലാതാണെന്ന് ട്വീറ്റ് ചെയ്യുന്നവരും ഉണ്ട് എന്നും സംവിധായകന്‍ പറയുന്നു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് പ്രതികരിച്ചത്.

17 വര്‍ഷമായി ഞാന്‍ ഇവിടെ നില്‍ക്കുന്നത് പ്രേക്ഷകരുടെ പിന്തുണയിലാണ്. സിനിമയെ വിമര്‍ശിക്കുന്ന പ്രേക്ഷകരുടെ കാഴ്ച്ചപ്പാടിനെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. സാറ്റര്‍ഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ മറുപടിയെ വിവാദമുണ്ടാക്കിയവര്‍ വളച്ചൊടിക്കുകയായിരുന്നു. കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ ഞാന്‍ വിമര്‍ശിക്കില്ല. ഞാന്‍ പറഞ്ഞത് സിനിമ റിവ്യു ചെയ്യുന്നവരുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചാണ്.

ഇതൊരു ക്വട്ടേഷന്‍ സംഘമാണ്. മോശം റിവ്യു നല്‍കുമെന്ന് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നവരെ എനിക്കറിയാം. 2 ലക്ഷം രൂപ വാങ്ങിച്ച് പടം നല്ലാതാണെന്ന് ട്വീറ്റ് ചെയ്യുന്നവരും ഉണ്ട്.മോശം റിവ്യു നല്‍കുമെന്ന് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നവരെ എനിക്കറിയാം. 2 ലക്ഷം രൂപ വാങ്ങിച്ച് പടം നല്ലതാണെന്ന് ട്വീറ്റ് ചെയ്യുന്നവരും ഉണ്ട്.

യൂട്യൂബ് നിരൂപകര്‍ തിയേറ്ററില്‍ ഇടിച്ചുകയറി ഇടവേളയില്‍ ആഭിപ്രായം ചോദിക്കുകയാണ്. അപ്പോള്‍ സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്ന ആളുകള്‍ ഉണ്ടാകും. ഇത് കാണിച്ച് നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തും. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റാതിരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണം. ഇന്ന് ഇടവേളയില്‍ വരുന്നവര്‍ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയേറ്ററിനുള്ളില്‍ നിന്ന് ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റരുതെന്ന് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.