ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കാമെങ്കില്‍ പട്ടിണിയും ആത്മഹത്യയും ഒഴിവാക്കാം: രൂപേഷ് പീതാംബരന്‍

മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തിരികെ കൊണ്ടു വരണമെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍ കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു എന്ന് രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രൂപേഷ് പീതാംബരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നിലവിലെ കേരള ആരോഗ്യമന്ത്രിയോട് ഒരു പരിഭവവുമില്ല!
നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍, കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു.

കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത് എന്ന്, കേരളത്തില്‍ വോട്ട് ചെയ്ത ഒരു പൗരന്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയില്‍ പറയാം! ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം.

ബ്രിംഗ് ബാക്ക് ശൈലജ ടീച്ചര്‍, റിക്വസ്റ്റ് എന്നീ ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ് രൂപേഷിന്റെ പോസ്റ്റ്. നിലവില്‍ മട്ടന്നൂര്‍ എം.എല്‍.എയായ ശൈലജ ടീച്ചര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിലാണ് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്.