അന്ന് സെറ്റില്‍ തിലകന്‍ അങ്കിള്‍ എന്നെ മാറ്റി നിര്‍ത്തി, വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ കാരണവും പറഞ്ഞു..: രൂപേഷ് പീതാംബരന്‍

28 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്ഫടികം’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ വന്‍ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 3 കോടി കളക്ഷന്‍ ചിത്രം നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് നടന്‍ രൂപേഷ് പീതാംബരന്‍ ആണ്.

രൂപേഷ് തിലകനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റില്‍ വച്ച് തിലകന്‍ അങ്കിള്‍ തന്നോട് സംസാരിച്ചില്ലെന്നും അകലം പാലിച്ചെന്നുമാണ് രൂപേഷ് പറയുന്നത്. ബാക്കി എല്ലാവരും ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നു. നെടുമുടി വേണുവങ്കിളും ലളിതാന്റിയും ലാലേട്ടനുമെല്ലാം.

പക്ഷെ തിലകനങ്കിള്‍ കാണുമ്പോള്‍ കണ്ണ് തുറുപ്പിച്ച് നോക്കും, നമ്മളെ അകറ്റി നിര്‍ത്തും. സ്‌നേഹത്തോടെ സംസാരിക്കാനൊന്നും വരില്ല. 1993ലെ കാര്യമാണ് പറയുന്നത്. 2010ല്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ തിലകനങ്കിള്‍ വടിയും കുത്തി കാറില്‍ നിന്ന് ഇറങ്ങി.

തന്നെ കണ്ട് അത്രയും ദൂരത്ത് നിന്ന് തോമാ എന്ന് വിളിച്ചു. ‘അങ്കിളിന് എന്നെ മനസ്സിലായോ’ എന്ന് ചോദിച്ചു. ‘മനസ്സിലാവേണ്ടെന്താ നിന്നെ ഏത് ദൂരത്ത് കണ്ടാലും എനിക്കറിയാം’ എന്നൊക്കെ പറഞ്ഞ് സംസാരിച്ച് തുടങ്ങി. ‘ഞാന്‍ നിന്നോട് അന്ന് സംസാരിച്ചില്ല, നിനക്ക് വിഷമമായോ?’ എന്ന് ചോദിച്ചു.

‘ഞാന്‍ മനപ്പൂര്‍വം ദേഷ്യം പിടിച്ച് നിന്നെ മാറ്റി നിര്‍ത്തിയതാ. കാരണം ഞാന്‍ നിന്നോട് ഫ്രണ്ട്‌ലിയായി കഴിഞ്ഞാല്‍ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുള്ള ബന്ധം ചിലപ്പോള്‍ മുിറിഞ്ഞ് പോവും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത് എന്നാണ് രൂപേഷ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.