ചില സമയത്ത് എടുത്ത തെറ്റായ തീരുമാനങ്ങള്‍ കൊണ്ട് നായകനാകാന്‍ പറ്റിയില്ല, കല്യാണവും നേരത്തെ ആയിപ്പോയി: റിയാസ് ഖാന്‍

സിനിമയില്‍ നായകനാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും താന്‍ വില്ലന്‍ വേഷത്തിലേക്ക് മാത്രം ഒതുങ്ങി പോവുകയായിരുന്നുവെന്ന് നടന്‍ റിയാസ് ഖാന്‍. കല്യാണം കഴിച്ചതോടെ പിന്നീട് നായകനായി തുടരാന്‍ സാധിച്ചില്ല, എന്നാല്‍ കല്യാണം കഴിക്കുക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

നായകനായി നിര്‍ക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ തെറ്റായ സമയങ്ങളില്‍ താന്‍ എടുത്ത ചില തീരുമാനങ്ങളാണ്. വിവാഹവും കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതുമെല്ലാം കുറച്ച് നേരത്തെയായിപ്പോയി. പിന്നീട് ആലോചിച്ചപ്പോള്‍ കുറച്ചുകൂടി സമയം സിനിമയ്ക്ക് വേണ്ടി നല്‍കാമായിരുന്നു എന്ന് തോന്നി.

ഹീറോയാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമയിലേക്ക് വന്നത്. ആദ്യത്തെ രണ്ട് മൂന്ന് സിനിമകളില്‍ ഹീറോയായി അഭിനയിക്കാന്‍ സാധിച്ചിരുന്നു. പിന്നീട് നായകനായി തുടര്‍ന്ന് പോകാന്‍ പറ്റിയില്ല. വളരെ ചെറുപ്പത്തിലാണ് കല്യാണം കഴിഞ്ഞത്. പൈസ ഇല്ലാതെ കുറേ ദിവസങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.

തന്നെ വിശ്വസിച്ച് ഇറങ്ങി വന്ന പെണ്‍കുട്ടിയെ എങ്ങനെ മുന്നോട്ട് നോക്കണം എന്നൊക്കെയായിരുന്നു ചിന്ത. ആ സമയത്ത് തന്നെ കുട്ടിയും ജനിച്ചു. ഒരുപക്ഷേ കല്യാണം ഒരു 27-29 വയസിന് ഇടയിലായിരുന്നെങ്കില്‍ നായകനായി തന്നെ മുന്നോട്ട് പോകാന്‍ പറ്റുമായിരുന്നു.

നായകനാകാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് കുറ്റബോധവുമില്ല. കാരണം വളരെ സന്തോഷത്തോടെയാണ് അന്നും ഇന്നും ജീവിക്കുന്നത്. കല്യാണം കഴിക്കുക എന്നത് തന്നെയായിരുന്നു ആദ്യത്തെ ആവശ്യം. ഒരു പക്ഷേ അന്ന് കല്യാണം കഴിച്ചില്ലായിരുന്നുവെങ്കില്‍ തനിക്ക് ഉമയെ നഷ്ടപ്പെടുമായിരുന്നു.

അതിന് ശേഷം വില്ലനായി ചെയ്ത സിനിമകളെല്ലാം ഹിറ്റുകള്‍ തന്നെയാണ്. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അവരുടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ആഗ്രഹിച്ച ഫെയിം നേടിയെടുത്തു. അതുകൊണ്ട് തന്നെ നായകനായി തിരിച്ചുവരാനുള്ള സാഹചര്യവും ഉണ്ടായില്ല എന്നാണ് റിയാസ് ഖാന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.