അതു തുറന്നു പറഞ്ഞത് ആ മനുഷ്യന്റെ മുഖംമൂടി വലിച്ചു കീറണമെന്ന ഉദ്ദേശത്തോടെ തന്നെ; സിദ്ദിഖ് വിഷയത്തില്‍ രേവതി സമ്പത്ത്

സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപം വെളിപ്പെടുത്തിയതിനു പിന്നാലെ നടി രേവതി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് നടക്കുന്നത്. വളരെ മുമ്പ് നടന്ന കാര്യം ഇതുവരെ തുറന്നു പറയാഞ്ഞത് എന്തു കൊണ്ടാണെന്നും നടനെ മനഃപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.

എന്നാല്‍ ഇത്തരം അധിക്ഷേപിക്കലുകളൊന്നും തന്നെ തളര്‍ത്തില്ലെന്നും സിദ്ദിഖിന്റെ മുഖംമൂടി വലിച്ചു കീറണമെന്ന ഉദ്ദേശത്തോടെ തന്നെ പറഞ്ഞാണ് ഇതെന്നും താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും രേവതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ഇത്രനാളും പറയാതിരുന്നത് എന്താണെന്ന് ചോദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതില്‍ നിന്നും പുറത്തുകടക്കാന്‍ എടുക്കുന്ന സമയം വലുതാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ വെറുതെ വന്ന് ചീത്തവിളിക്കുകയാണ്. ഒരു സ്ത്രീ അഭിപ്രായം പറയുന്നവളാണെന്ന് അറിഞ്ഞാല്‍ അവള്‍ അഹങ്കാരികളാണെന്ന് ചിലര്‍ മുദ്ര കുത്തും. രേവതി പറഞ്ഞു.