തൂവാനത്തുമ്പികളിൽ മോഹൻലാൽ അസ്സലാക്കി; പ്രശംസകളുമായി 'ഒർജിനൽ' മണ്ണാറത്തൊടി ജയകൃഷ്ണൻ

മലയാളത്തിൽ കൾട്ട് ക്ലാസിക്കായി നിലനിൽക്കുന്ന ചിത്രമാണ് പത്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രം. മോഹൻലാലും, സുമലതയും, പാർവതിയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പത്മരാജന്റെ തന്നെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ നോവലിന് ആധാരമായത് തൃശൂരിലെ അഡ്വ. ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമായിരുന്നു.

ഈയടുത്ത് സംവിധായകൻ രഞ്ജിത്ത്, ചിത്രത്തിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. “എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല.” എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

അതിനെതിരെ നിരവധി ആളുകളാണ് രംഗത്തുവന്നത്. സംവിധായകൻ അൽഫോൺസ് പുത്രനും രഞ്ജിത്തിനെതിരെ സംസാരിച്ചിരുന്നു. ‘മ്മക്ക് ഒരു നാരങ്ങാ വെള്ളം അങ്ങ് കാച്ചിയാലോ’ ദാറ്റ് ഫിലിം ഈസ് എ ടെക്സ്റ്റ് ബുക്ക് സാർ,’ എന്നായിരുന്നു അൽഫോൺസിൻ്റെ മറുപടി. ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യഥാർത്ഥ മണ്ണാറത്തൊടി ജയകൃഷണനായ അഡ്വ. ഉണ്ണിമേനോൻ.

“മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തത്. ഒരു നടനും അതിലേറെ ചെയ്യാനാകില്ല. കാലങ്ങളായി തൃശ്ശൂരിൽ താമസിക്കുന്ന എനിക്കുപോലും ഇപ്പോഴും ശരിക്കുള്ള തൃശ്ശൂർ ഭാഷാശൈലി അറിയില്ല. അതറിയുന്നവർ ചുരുക്കം. സിനിമയിൽ ടി.ജി. രവിക്കാണ് ഏറ്റവും കൂടുതൽ പറയാനാകുക. ഡബ്ബിങ് സമയത്ത് മോഹൻലാലിന് അസുഖം കാരണം ശബ്ദത്തിന്റെ പ്രശ്നമുണ്ടായിരുന്നു എന്ന് പത്മരാജൻ അന്ന് പറഞ്ഞിരുന്നു.” എന്നാണ് അഡ്വ. ഉണ്ണിമേനോൻ മാതൃഭൂമിയോട് പറഞ്ഞത്.