ഇതില്‍ രാഷ്ട്രീയമില്ല, വിശ്വാസം മാത്രം, രാം ലല്ലയെ ആദ്യം ദര്‍ശിച്ചതില്‍ വലിയ സന്തോഷം: രജനികാന്ത്

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് രജനികാന്ത്. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം തിരികെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു രജനികാന്തിന്റെ പ്രതികരണം. രാം ലല്ല ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളായതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

”എനിക്ക് മഹത്തായ ദര്‍ശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിനു പിന്നാലെ രാം ലല്ല ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളാണ് ഞാന്‍ എന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത് വിശ്വാസമാണ്, രാഷ്ട്രീയമല്ല. ഒരു കാര്യത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പലര്‍ക്കുമുണ്ടാവും.”

”അത് സ്വന്തം അഭിപ്രായവുമായി എപ്പോഴും യോജിക്കണമെന്നില്ല” എന്ന് രജനികാന്ത് പ്രതികരിച്ചു. താന്‍ എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു. അതേസമയം, പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സിനിമാ താരങ്ങളും കായികതാരങ്ങളും അടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു.

അമിതാഭ് ബച്ചന്‍, ചിരഞ്ജീവി, രാം ചരണ്‍, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രണ്‍ബീര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ്, രാജ് കുമാര്‍ ഹിരാനി, രോഹിത് ഷെട്ടി, വിക്കി കൗശല്‍, സൈന നെഹ്വാള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.