തുറമുഖം ഇതുവരെ ചെയ്ത സിനിമകളില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞത്: രാജീവ് രവി

സിനിമാപ്രേമികള്‍  ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച് സംവിധായകന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.. താന്‍ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും സ്ട്രെയിന്‍ വേണ്ടി വന്ന സിനിമയാണ് തുറമുഖമെന്ന് രാജീവ് രവി പറയുന്നു. പീരിഡ് സിനിമ ആയതുകൊണ്ടും 30 ഉം 40 ഉം 50 ഉം കാലഘട്ടങ്ങള്‍ വന്നു പോകുന്നതിനാലും ഇതൊക്കെ പുനഃസൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

താന്‍ ഒരു എറണാകുളത്തുകാരനായിട്ടു പോലും മട്ടാഞ്ചേരി വെടിവയ്പിന്റെ ചരിത്രപ്രാധാന്യം ഇന്നലെ വരെ അറിയുമായിരുന്നില്ലെന്ന് രാജീവ് രവി പറഞ്ഞു. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നു പോലും വളരെ വൈകിയാണ് അറിഞ്ഞതെന്നും അതും തുറമുഖം എന്ന പേരിലുള്ള നാടകത്തിലൂടെയായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. കാന്‍ ചാനലിനോട് മനസ്സ് തുറക്കവേയാണ് രാജീവ് രവി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനു വേണ്ടി ഇടതുപക്ഷ പ്രസ്ഥാനങ്ങളുട ആഭിമുഖ്യത്തിലായിരുന്നു അവിടെ സമരം നടന്നത്. എന്നിട്ടും അതിനുള്ളില്‍ പല അന്തര്‍നാടകങ്ങളും അരങ്ങേറിയിരുന്നുവെന്നും സിനിമ കണ്ടു കഴിയുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും രാജീവ് രവി അഭിമുഖത്തില്‍ പറഞ്ഞു.

ബിജുമേനോന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.