ഇവരില്ലായിരുന്നെങ്കിൽ ഒരു മടക്കയാത്ര അസാധ്യമായേനെ: പൃഥ്വിരാജ്

ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ സിനിമയാവുന്നു എന്ന വാർത്തകൾ വന്നതുമുതൽ സിനിമലോകം വളരെ പ്രതീക്ഷയിലായിരുന്നു. അന്തരിച്ച സംവിധായകൻ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. സച്ചിയുടെ വിയോഗത്തെ തുടർന്ന് പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാരാണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നായകൻ പൃഥ്വിരാജിന് പരിക്ക് പറ്റുകയും തുടർന്ന് മൂന്ന് മാസം വിശ്രമം ആവശ്യമായി വന്നതിനാൽ സിനിമ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് സംഭവിച്ച പരിക്കിനെ കുറിച്ചും മറ്റും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

“വിലായത്ത് ബുദ്ധയിലെ ഒരു ആക്ഷൻ രംഗത്തിൽ ഓടികൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും ചാടി കാൽമുട്ടിന് പരിക്കേറ്റിട്ട് ഇപ്പോൾ മൂന്ന് മാസമായി. ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ചാണ് ചിന്ത മുഴുവൻ. എല്ലാവരോടും നന്ദി പറയാൻ പറ്റിയ ഏറ്റവും നല്ല സമയമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഡോക്ടർ ജേക്കബ് വർഗീസിനെ പറ്റിയാണ് ആദ്യം പറയാനുള്ളത്. ലേക്ഷോറിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ടീമിനൊപ്പം എന്റെ കാൽമുട്ടിലെ സർജറി ചെയ്ത മികച്ച സർജൻ ആണ് അദ്ദേഹം.
അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും പരിചരണവും ഇല്ലായിരുന്നെങ്കിൽ മടക്കയാത്ര അസാധ്യമായേനെ.”  പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കൂടാതെ ചികിത്സിച്ച ഫിസിയോതെറാപ്പിസ്റ്റ് ഡോ. സുഹസിനോടും ഡോ. രാകേഷിനോടും പൃഥ്വിരാജ് നന്ദി പറഞ്ഞു. ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് വിലായത്ത് ബുദ്ധയിൽ  പൃഥ്വിരാജ് എത്തുന്നത്. വിശ്രമത്തിന് ശേഷം ‘എമ്പുരാൻ’ ചിത്രീകരണം ഒക്ടോബർ 5 ന് ആരംഭിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷയിലാണ് ആരാധകലോകം. ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ ആണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന വലിയ പ്രോജക്ട്.