'കുമാരി' ചെയ്യാന്‍ നിര്‍ബന്ധിച്ചത് ഞാനാണ്, അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്..: പൃഥ്വിരാജ്

‘കുമാരി’ സിനിമയെ പ്രശംസിച്ച് പൃഥ്വിരാജ്. ഒന്നൊര വര്‍ഷത്തിന് ശേഷം തന്റെ സുഹൃത്ത് നിര്‍മ്മല്‍ സഹദേവ് പറഞ്ഞ മൂന്ന് കഥകളില്‍ ഒന്നാണ് കുമാരി. ഈ സിനിമ ചെയ്യാനായി നിര്‍മ്മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് താനാണ്. അതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

ഏതാണ്ട് ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ സുഹൃത്തും സംവിധായകനും നിര്‍മാതാവുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് എന്നോട് മൂന്ന് കഥകള്‍ പറയുന്നത്. അന്ന് ഞാന്‍ കേട്ട ആ മൂന്ന് കഥകളില്‍ ഇന്ന് ‘കുമാരി’ എന്ന സിനിമയായി തീര്‍ന്ന ചിത്രം ചെയ്യാന്‍ നിര്‍മ്മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് ഞാനാണ്.

അങ്ങനെയൊരു നിര്‍ബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറില്‍ ഞാന്‍ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിര്‍മ്മലിനോട് പറഞ്ഞത്, ”എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്” എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേണ്‍ ഫിലിം അഡാപ്‌റ്റേഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി.

മികച്ച രീതിയില്‍ നിര്‍മിച്ച അതിനേക്കാള്‍ മികച്ചതായി ചിത്രീകരിച്ച വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്റസി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഭാഗം എന്ന നിലയില്‍ കുമാരിയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

അതേസമയം, കുമാരി കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.