'എന്റെ ശബ്ദത്തെ അനുകരിക്കുക, ഇന്‍സ്റ്റയോട് സാമ്യമുള്ള ഐഡി ഉപയോഗിക്കുക, എല്ലാം കുറ്റകരമാണ്'; വീണ്ടും വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

ലൈവ് ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസ് തരംഗമായതിന് പിന്നാലെ സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ വ്യാപകമാകുന്നു. താന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

ക്ലബ് ഹൗസില്‍ അക്കൗണ്ടില്ലെന്ന് അറിയിച്ച് ആദ്യം രംഗത്തെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. വിവിധ പ്രൊഫൈല്‍ ചിത്രങ്ങളുള്ള നിരവധി വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ ശബ്ദത്തെ വരെ അനുകരിച്ച്, ഇന്‍സ്റ്റാ ഹാന്‍ഡിലിനോട് സാമ്യമുള്ള ഐഡി ഉപയോഗിച്ചതോടെയാണ് താരം വീണ്ടും രംഗത്തെത്തിയത്.

“”സോഷ്യല്‍ മീഡിയയില്‍ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുക, എന്റെ ഇന്‍സ്റ്റാ ഹാന്‍ഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിര്‍ത്തുക. ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല”” എന്ന് വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് താരം കുറിച്ചു.

നേരത്തെ ഉണ്ണി മുകുന്ദനും ഇതേ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തന്റെ പഴയ അഭിമുഖങ്ങളിലെ വോയിസ് ക്ലിപ്പാണ് അക്കൗണ്ടിലൂടെ കേള്‍പ്പിക്കുന്നത് എന്നാണ് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആസിഫ് അലി, ജോജു ജോര്‍ജ് അടക്കമുള്ള താരങ്ങളും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.