'പ്രണയത്തിലെ മതവും ജാതിയും കാരണം കേരളത്തിലടക്കം അടുത്തിടെ കൊലപാതകങ്ങള്‍ നടന്നു.'; ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ സാമൂഹിക പ്രസക്തിയെ കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഷൈജു അന്തിക്കാട് ചിത്രം “ഭൂമിയിലെ മനോഹര സ്വകാരം” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. കാലിക പ്രസക്തിയുള്ള പ്രണയകഥ ആധാരമാക്കിയാണ് ചിത്രം എത്തിയത്. ചിത്രത്തിന്റെ കാലിക പ്രസക്തിയും സ്വന്തം നിലപാടും വ്യക്തമാക്കിയിരിക്കുകയാണ് പ്രയാഗ.

“”ഭൂരിഭാഗവും വിശ്വസിക്കുന്നത് പോലെ പ്രണയത്തിനോ വിവാഹത്തിനോ മതം പ്രശ്‌നമല്ല എന്നാണ് എന്റെയും അഭിപ്രായം. പ്രണയിക്കുമ്പോള്‍ ജാതിയോ മതമോ ചോദിക്കേണ്ട ആവശ്യമില്ല. കേരളത്തിലടക്കം അടുത്തിടെ പ്രണയത്തിലെ മതവും ജാതിയും കാരണം കൊലപാതകങ്ങള്‍ നടന്നു. അത്തരമൊരു കാലത്ത് ഈ സിനിമ പറയുന്ന വിഷയത്തിന് വളരെ കാലിക പ്രസക്തി കൂടി ഉണ്ട്. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ പ്രണയത്തിന്റെയും വിവാഹത്തിന്റെയും കേസ് വരുമ്പോള്‍ പല കുടുംബങ്ങളും ജാതി, മതം എന്ന് പറഞ്ഞ് തടസവാദങ്ങള്‍ ഉന്നയിക്കുന്നു. പിന്നീടത് സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു”” എന്ന് പ്രയാഗ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തില്‍ അന്ന ജോസഫ് എന്ന കഥാപാത്രമായാണ് പ്രയാഗ വേഷമിട്ടത്. അഹമ്മദുകുട്ടി എന്ന കഥപാത്രമായാണ് ദീപക് പറമ്പോള്‍ എത്തിയത്. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് നിര്‍മ്മാണം. എ ശാന്തകുമാര്‍ ആണ് തിരക്കഥയും സംഭാഷണവും.