'ക്രിസ്ത്യന്‍ യുവതിയോട് മുസ്ലിം യുവാവിന് തോന്നിയ പ്രണയം'

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും ഒന്നിച്ച പ്രണയ ചിത്രം “ഭൂമിയിലെ മനോഹര സ്വകാര്യ”ത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഷൈജു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്ത്യന്‍ യുവതിയോട് മുസ്ലിം യുവാവിന് തോന്നിയ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പ്രയാഗ വ്യക്തമാക്കുന്നത്.

“”ക്രിസ്ത്യന്‍ യുവതിയോട് മുസ്ലിം യുവാവിന് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥാതന്തു. അന്ന എന്ന നായിക കഥാപാത്രമായി ഞാനെത്തുമ്പോള്‍ അഹമ്മദ് കുട്ടി എന്ന നായക കഥാപാത്രത്തെ ദീപക് പറമ്പോല്‍ അവതരിപ്പിക്കുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പിന്നീട് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിടുന്നതും അത് വളരെ ആഴത്തിലേക്ക് പടരുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്”” എന്ന് പ്രയാഗ മാര്‍ട്ടിന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സച്ചിന്‍ ബാലുവാണ് സംഗീതം. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.