പ്രണവിനെ നായകനാക്കി സിനിമ, ലിസ്റ്റില്‍ ദുല്‍ഖറും; വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നതിനെ പറ്റി തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റേതായി പുറത്തിറങ്ങുന്ന ഉടല്‍ എന്ന എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേദിയിലാണ് ധ്യാന്‍ പ്രണവ് ചിത്രത്തെ കുറിച്ചുള്ള രഹസ്യം പങ്കുവെച്ചത്.

‘പ്രണവിനെ നായകനാക്കി എപ്പോഴെങ്കിലും ഒരു സിനിമ നടക്കുമായിരിക്കും. പ്രൊഡക്ഷന്‍ ടീം പ്രണവിനെ വെച്ച് ഒരു സിനിമയെ പറ്റി സംസാരിക്കുന്നുണ്ട്. പക്ഷേ അതിപ്പോഴല്ല, രണ്ട് വര്‍ഷത്തിനകം എപ്പോഴെങ്കിലും നടക്കാം. ദുല്‍ഖറുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ട്. കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയണം’ ധ്യാന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയത്തിലാണ് പ്രണവ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഈ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചത്. ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഉടലാണ് ധ്യാനിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രം. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സ് സുപ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. മെയ് ഇരുപതിന് ചിത്രം തിയേറ്ററുകളിലെത്തും.