തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നത് ഇരട്ടത്താപ്പ് ആണെന്ന് നടനും ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ഭാഷാ വിവാദത്തില്‍ തമിഴ്‌നാടിനെ വിമര്‍ശിച്ചു കൊണ്ടാണ് പവന്‍ കല്യാണ്‍ സംസാരിച്ചത്. ഹിന്ദി ഭാഷയ്‌ക്കെതിരെയുള്ള തമിഴ്‌നാട് നേതാക്കളുടെ വാദങ്ങള്‍ കപടതയാണെന്നും പവന്‍ കല്യാണ്‍ ആരോപിക്കുന്നുണ്ട്.
”തമിഴ്നാട്ടില്‍ ആളുകള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നു. അവര്‍ക്ക് ഹിന്ദി വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങള്‍ക്കായി അവര്‍ തമിഴ് സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നത്? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു. ബോളിവുഡില്‍ നിന്ന് പണം ആഗ്രഹിക്കുന്ന അവര്‍ പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. എന്ത് തരത്തിലുള്ള യുക്തിയാണിത്?”
”ഹിന്ദി സംസാരിക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാല്‍ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്നാടിന്റെ ഭാഗത്ത് നിന്നുള്ള ”അന്യായമാണ്”. ഹരിയാന, യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ താമസിക്കുന്നുണ്ട്” എന്നാണ് പവന്‍ കല്യാണ്‍ പറയുന്നത്.
”ഇന്ത്യയ്ക്ക് തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണ്, അല്ലാതെ രണ്ടെണ്ണം മാത്രമല്ല. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളര്‍ത്താനും ഭാഷാ വൈവിധ്യം അംഗീകരിക്കണം” എന്നും ആന്ധ്രയില്‍ പാര്‍ട്ടിയുടെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സംസാരിക്കവെ പവന്‍ കല്യാണ്‍ പറയുന്നത്.