'അദ്ദേഹം എനിക്ക് വേണ്ടി സൂം മീറ്റില്‍ വന്ന് സിനിമയുടെ ഫുള്‍ സ്‌റ്റോറി പറഞ്ഞു തന്നു'; പാ രഞ്ജിത്തിനെ കുറിച്ച് പാർവതി

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാർവതിയും ഉർവശിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഉള്ളൊഴുക്ക്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘തങ്കലാൻ’ ആണ് പാർവതിയുടെ വരാനിരിക്കുന്ന വലിയ ചിത്രം. ഗംഗമ്മ എന്ന കഥാപാത്രമായാണ് പാർവതി ചിത്രത്തിലെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. മുൻപ് പാ രഞ്ജിത് രണ്ട് സിനിമകളിലേക്ക് വിളിച്ചപ്പോഴും താൻ നോ പറഞ്ഞുവെന്നാണ് പാർവതി പറയുന്നത്. ഇതും കൂടെ താന്‍ എന്തെങ്കിലും കാരണവശാല്‍ നോ പറഞ്ഞാല്‍ അദ്ദേഹം പിന്നെ തന്നെ വിളിക്കില്ലെന്ന പേടിയുണ്ടായിരുന്നുവെന്നും പാർവതി പറയുന്നു.

“പാ രഞ്ജിത്തിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യുകയെന്നതാണ് ആദ്യ സ്റ്റെപ്പ്. കാരണം ഇതിന് മുമ്പ് അദ്ദേഹം രണ്ട് വര്‍ക്കുകള്‍ ഓഫര്‍ ചെയ്തിട്ട് എനിക്ക് അത് ചെയ്യാന്‍ പറ്റാതെ പോയിട്ടുണ്ട്. തങ്കലാനിലേക്ക് മൂന്നാം തവണയാണ് വിളിക്കുന്നത്.

ഇതും കൂടെ ഞാന്‍ എന്തെങ്കിലും കാരണവശാല്‍ നോ പറഞ്ഞാല്‍ അദ്ദേഹം പിന്നെ എന്നെ വിളിക്കില്ലെന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ നരേഷന്‍ വേണമെന്ന് പറഞ്ഞു. അത്തരത്തില്‍ നരേഷന്‍ തരുന്ന ശീലമുള്ള ആളായിരുന്നില്ല അദ്ദേഹം. കഥാപാത്രത്തെ കുറിച്ച് മാത്രമേ പറയാറുള്ളൂ. എന്നിട്ടും അദ്ദേഹം എനിക്ക് വേണ്ടി സൂം മീറ്റില്‍ വന്ന് ആ സിനിമയുടെ ഫുള്‍ സ്‌റ്റോറി പറഞ്ഞു തന്നു.

പക്ഷെ ആ കഥാപാത്രം എന്താണെന്ന് ഞാന്‍ മനസിലാക്കുന്നത് പിന്നീട് വര്‍ക്ക് ഷോപ്പ് നടത്തിയപ്പോഴാണ്. ഗംഗമ്മ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. സിനിമയെ കുറിച്ച് കൂടുതലൊന്നും തന്നെ എനിക്ക് പറയാന്‍ കഴിയില്ല. പടത്തിന്റെ റിലീസ് ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നത്. മാളവിക മോഹനൻ, പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

തങ്കലാൻ ഓസ്കർ വേദി ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ധനഞ്ജയൻ പറഞ്ഞിരുന്നു. ഓസ്‌കറിന്‌ പുറമെ 8 അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കായി ‘തങ്കലാൻ’ സമർപ്പിക്കുമെന്നാണ്നിർമ്മാതാവ് പറഞ്ഞത്. എന്തായാലും ഒരു മികച്ച സിനിമാനുഭവമായിരിക്കും തങ്കലാൻ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോവുന്നതെന്ന് ഉറപ്പാണ്.