ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ നടപ്പാക്കാത്തതില്‍ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് കാലതാമസം നേരിടേണ്ടി വരുനന്തില്‍ കാലതാമസം വരുന്നതില്‍ നിരാശയുണ്ടെന്നും പാര്‍വതി പ്രതികരിച്ചു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പാര്‍വതിയുടെ പ്രതികരണം.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ട്. ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും, ഉത്തരം കിട്ടുന്നതുവരെ. അതിനുള്ള അധികാരം ഉണ്ട്. ഒറ്റപ്പെട്ട ശബ്ദമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നുന്നില്ല’, പാര്‍വതി വ്യക്തമാക്കി.

സിനിമ മേഖലയിലെ സ്ത്രീകല്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 ലാണ് കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല.

അന്വേഷണത്തിനിടെ സംസാരിക്കാന്‍ പുരുഷന്‍മാരും സ്ത്രീകളും വിമുഖത കാട്ടിയതായും, ഭയപ്പെട്ട് സംസാരിക്കാത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ മേഖലയില്‍ കടന്നു വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ഇത്തരം അനുഭവമുള്ളവര്‍ പൊലീസില്‍ പരാതിപ്പെടാറില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ടിലെ രഹസ്യാത്മകത സൂക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ മറ്റ് സംഘടനകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.