സിനിമ വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല, വിവാഹം അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധ പ്രകാരമായിരുന്നു; നവ്യ നായര്‍ പറയുന്നു

Advertisement

‘നന്ദനം’ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് നവ്യ നായര്‍. സിനിമാരംഗത്ത് തിളങ്ങി നില്‍ക്കുന്ന കാലത്ത് 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നവ്യ. എന്നാല്‍ സിനിമ വിടാന്‍ താന്‍ ഒട്ടും തയാറായിരുന്നില്ല എന്നാണ് നടി പറയുന്നത്.

”ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്” എന്നാണ് നവ്യ ജെബി ജംഗ്ഷന്‍ പരിപാടിക്കിടെ വ്യക്തമാക്കിയത്.

പെണ്ണു കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റട് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ പറഞ്ഞു.

നീണ്ട ഇടവേളക്ക് ശേഷം നവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രമാണ് നവ്യയുടെതായി ഒരുങ്ങുന്നത്. വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്.