ഈ വാര്‍ത്തകള്‍ തീര്‍ത്തും വ്യാജവും വിവരക്കേടും, സാമന്തയെ കുറിച്ച് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല: നാഗാര്‍ജുന

സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് എന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന. ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് നാഗര്‍ജുന പറയുന്നു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

സാമന്തയും നാഗചൈതന്യയുടെയും വിവാഹമോചന വാര്‍ത്ത എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചുടൂള്ള ചര്‍ച്ചയാണ് ഈ വിഷയം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ നാഗാര്‍ജുന സാമന്ത കാരണമാണ് വിവാഹമോചനം നടന്നത് എന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

”സമാന്തയെയും നാഗചൈതന്യയെയും കുറിച്ചുള്ള എന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജവും വിവരക്കേടുമാണ്. കിംവദന്തികള്‍ വാര്‍ത്തയെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വലിയണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്” എന്നാണ് നാഗാര്‍ജുനയുടെ ട്വീറ്റ്.

‘അഭ്യൂഹങ്ങളല്ല വാര്‍ത്ത കൊടുക്കൂ’ എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്. ”നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാല്‍ അവന് എന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു.”

”നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണവര്‍. നല്ല അടുപ്പമായിരുന്നു. 2021ല്‍ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല” എന്ന് നാഗാര്‍ജുന പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.

Read more

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു നാഗചൈതന്യയും സാമന്തയും തങ്ങള്‍ പിരിയുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017ല്‍ ആണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ‘സാമന്ത സന്തോഷവതിയാണ് അതിനാല്‍ ഞാനും സന്തോഷവാനാണ്’ എന്നായിരുന്നു നാഗചൈതന്യ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചത്.