'അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും കവര്‍ ചെയ്ത് കബറടക്കി'; മോഹന്‍ലാല്‍ സിനിമയിലെ ഹിറ്റ് ഗാനത്തെ കുറിച്ച് ശരത്

ഹിറ്റ് ഗാനങ്ങള്‍ക്ക് കവര്‍ വേര്‍ഷന്‍ ഒരുക്കുന്നതിനെ കുറിച്ച് സംഗീത സംവിധായകന്‍ ശരത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പവിത്രത്തിലെ ‘ശ്രീരാഗമോ’ എന്ന ഗാനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്. ഈ പാട്ടിന് നിരവധി കവര്‍ വേര്‍ഷനും ഇറങ്ങിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും കവര്‍ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നത്. ചിലര്‍ ഈ പാട്ടിനെ കവര്‍ ആക്കി കബറടക്കി എന്നാണ് ശരത് കൈരളി ടിവിയുടെ ഒരു പരിപാടിയില്‍ പറയുന്നത്. ‘ശ്രീരാഗമോ’ എന്ന പാട്ടിന്റെ പശ്ചാത്തലം തനിക്ക് സംവിധായകന്‍ പറഞ്ഞു തന്നപ്പോള്‍ എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല എന്നും ശരത് പറയുന്നു.

ആ പാട്ടിന്റെ തീം കേട്ടപ്പോള്‍ താനാകെ ബ്ലാങ്ക് ആയി, എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. പല പല സംഭവങ്ങളാണ് ആ പാട്ടില്‍ നടക്കുന്നത്. കമ്പോസിംഗിന്റെ ഭാഗമായി തങ്ങള്‍ സിനിമയിലെ അതേ വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ അയല്‍ക്കാരന് ക്ലാസിക്കല്‍ പാട്ടുകളോട് വല്ലാത്തൊരു ഭ്രാന്താണ്, ഇടയ്ക്കിടയ്ക്ക് ഓരോ പാട്ടുകളും പാടി വീട്ടില്‍ വരും.

Read more

അങ്ങനെ ഒരിക്കല്‍ അയാള്‍ പാടിയ പക്കല നിലപടി എന്ന കീര്‍ത്തനമാണ് ഈ പാട്ടിലേക്കെത്തിച്ചത്, ഒപ്പം തന്റെ ഗുരുനാഥന്റെ അഷ്ടപദിയും പാട്ടിന് പ്രചോദനമായി. അങ്ങനെയാണ് ശ്രീരാഗമോ പിറക്കുന്നത്. സിനിമയില്‍ ഈ പാട്ട് കണ്ട ശേഷം യേശുദാസ് പറഞ്ഞ കാര്യം രസകരമായിരുന്നു. ‘എടാ മോനേ, ഞാന്‍ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങള്‍ക്ക് അവരവിടെയിരുന്ന് പടവലങ്ങ അരിയുകയാണ്,’ എന്നാണ് യേശുദാസ് പറഞ്ഞെതെന്നും ശരത് പറയുന്നു.