സിനിമകൾ കാണാൻ പ്രയാസമുള്ള ആളാണ് ഞാൻ: മോഹൻലാൽ

മലയാളികൾക്ക് സിനിമ എന്നതിനുള്ള പര്യായപദമാണ് മോഹൻലാൽ എന്ന നടൻ. ഓരോ തലമുറയെയും തന്റെ സിനിമകൾ കൊണ്ട് സ്വാധീനിച്ച ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ തന്നെയാണ് മലയാളികൾക്ക് എല്ലാക്കാലത്തും മോഹൻലാൽ.

എന്നാൽ മോഹൻലാൽ എന്ന നടന്റെ സിനിമ കാഴ്ചകൾ വളരെ പരിമിധമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ വർഷം വളരെ ചുരുക്കം ചില സിനിമകൾ മാത്രമേ കണ്ടിട്ടൊളളൂവെന്നും മോഹൻലാൽ പറയുന്നു. മാത്രമല്ല സിനിമകൾ കാണാൻ കുറച്ചു പ്രയാസമുള്ള ആളാണ് താനെന്നും, തനിക്ക് സിനിമ കാണാനുള്ള സൗകര്യകുറവുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്.

“സിനിമകൾ കാണാൻ കുറച്ചു പ്രയാസമുള്ള ആളാണ് ഞാൻ. കഴിഞ്ഞവർഷം അധികവും രാജ്യത്തിന് പുറത്തായിരുന്നു. അല്ലെങ്കിൽ ചെന്നൈയിലെ വീട്ടിൽ പോവുമ്പോഴാണ് ഞാൻ സിനിമകൾ കാണാറുള്ളത്. ഞാൻ ജയിലർ കണ്ടിരുന്നു. അതാണ് ഞാൻ അവസാനം കണ്ടത്. പിന്നെ നെപ്പോളിയൻ എന്ന ഒരു സിനിമ കണ്ടിരുന്നു. മലയാള സിനിമയിൽ ജയ ജയ ഹേ പോലെ കുറേ സിനിമകൾ കണ്ടിരുന്നു.

എനിക്ക് കാണാനുള്ള സൗകര്യകുറവുണ്ട്. സിദ്ദിഖ് ഒക്കെ തിയേറ്ററിൽ ചെന്ന് സിനിമ കാണുന്ന ആളാണ്. നമുക്കങ്ങനെ പോവാൻ പറ്റാത്തത് കൊണ്ട് ഞാൻ വീട്ടിൽ ഇരുന്ന് സിനിമ കാണാറുണ്ട്. മദ്രാസിൽ ഞാൻ ഉണ്ടായിരുന്നില്ല.

ഞാൻ യാത്രകളിൽ ആയിരുന്നു. മൂന്ന് ദിവസം മുൻപാണ് ഞാൻ വന്നത്. ഒരു തെലുങ്ക് സിനിമയുടെ ഭാഗമായി ഞാൻ ന്യൂസിലാൻഡിൽ ആയിരുന്നു. അവിടെ വെച്ചൊന്നും സിനിമ കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.” എന്നാണ് മൂവി മാൻ ബ്രോഡ്കാസ്റ്റിങ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നത്.

അതേസമയം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’ കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

വർഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം നടക്കുകയും അതുമായി ബന്ധപ്പെട്ട് വിജയമോഹൻ എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന വക്കീൽ കേസ് ഏറ്റെടുക്കുകയും തുടർന്ന് കോടതിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് നേരിന്റെ പ്രമേയം.

ആസിഫ് അലി നായകനായെത്തിയ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് നേര്. മാത്രമല്ല ദൃശ്യം 1&2, 12th മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് നൽകുന്നത്.

 ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്