മമ്മൂട്ടി, നമുക്ക് പോവാം എന്ന് പറഞ്ഞ് ഞാൻ പേരെടുത്ത് വിളിച്ചു: ദുൽഖർ സൽമാൻ

മമ്മൂട്ടിയെ കുറിച്ച് മകൻ ദുൽഖർ സൽമാൻ എപ്പോഴും സംസാരിക്കാറുണ്ട്. സിനിമയെ കുറിച്ചല്ലാതെ കുടുംബകാര്യങ്ങളും മറ്റും വളരെ രസകരമായാണ് ദുൽഖർ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് ദുൽഖർ സൽമാൻ.

വപ്പാച്ചിയെയും ഉമ്മച്ചിയെയും താനൊരിക്കൽ പേരെടുത്ത് വിളിച്ചിട്ടുണ്ടെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. എയർപോർട്ടിൽ വെച്ചായിരുന്നു സംഭവമെന്നും ദുൽഖർ ഓർത്തെടുക്കുന്നു.

“ജീവിതത്തിൽ ഒരു പ്രാവശ്യമാണ് ഞാൻ വാപ്പച്ചിയെ പേരെടുത്ത് വിളിച്ചിട്ടുള്ളത്. ഒരിക്കൽ എയർപോർട്ടിൽ വെച്ച് വാപ്പച്ചിയും ഉമ്മയും തമ്മിൽ കാര്യമായ എന്തോ ചർച്ച നടക്കുകയാണ്. ബോർഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന് ഞാൻ പറയുന്നുണ്ട്. എന്നാൽ അവരാരും കേൾക്കുന്നില്ല. മോളോടും ഭാര്യയോടും ഞാൻ പറഞ്ഞു. ഇനിയും താമസിച്ചാൽ അവർ ഗേറ്റ് അടക്കും. അവസാനം ‘മമ്മൂട്ടി, സുലു, നമുക്ക് പോണം’ എന്ന് ഞാൻ പറഞ്ഞു. എന്ത് എന്ന രീതിയിൽ വാപ്പച്ചി എന്നെ നോക്കി.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞത്.

മണി രത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫ് എന്ന ചിത്രത്തിലും, സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലും ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് മലയാളത്തിലെ ദുൽഖറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.